കേരള പൊലീസ് ഇങ്ങനെയായിരുന്നില്ല -െഎ.ജി വിജയ് സാഖറെ
text_fieldsകോട്ടയം: കേരള പൊലീസ് ഇങ്ങനെയായിരുന്നില്ലെന്ന് െഎ.ജി വിജയ് സാഖറെ. കെവിൻ കൊലക്കേസിൽ സ്പെഷൽ ബ്രാഞ്ചിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെക്കുറിച്ച് പ്രതികരിക്കുേമ്പാഴായിരുന്നു െഎ.ജിയുടെ പരാമർശം. സ്പെഷൽ ബ്രാഞ്ചിെൻറ വീഴ്ചകൾ പരിശോധിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മേലുദ്യോഗസ്ഥരെ വിവരങ്ങൾ അറിയിക്കാൻ കൃത്യമായ വ്യവസ്ഥയുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിച്ചുവരുകയാണ്. ഗാന്ധിനഗർ പൊലീസ് ശരിയായി പ്രവർത്തിച്ചിട്ടില്ല. അവർക്ക് സംഭവത്തിെൻറ ഗൗരവം ഉൾക്കൊള്ളാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്പെഷല്‍ ബ്രാഞ്ചിനും വീഴ്ചപറ്റിെയന്ന് കണ്ടെത്തൽ
കോട്ടയം: കെവിൻ കൊലക്കേസിൽ ഗാന്ധിനഗർ പൊലീസിനൊപ്പം സ്പെഷൽ ബ്രാഞ്ചിനും കടുത്ത വീഴ്ച. മുഖ്യമന്ത്രി ജില്ലയിലുള്ള ദിവസം കോട്ടയം നഗരത്തിന് തൊട്ടടുത്തുണ്ടായ സംഭവം സ്പെഷൽ ബ്രാഞ്ച് അറിഞ്ഞത് ഏറെ വൈകിയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇത് ജില്ല പൊലീസ് മേധാവിയെ അറിയിക്കുന്നതിലും വീഴ്ച വരുത്തി. അന്വേഷണസംഘത്തലവൻ െഎ.ജി വിജയ് സാഖറെ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പുലർച്ചയുണ്ടായ സംഭവം ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അടക്കമുള്ളവർ അറിഞ്ഞത്. ഇവർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ കുടുംബപ്രശ്നം എന്ന നിലയിലാണ് സംഭവം അവതരിപ്പിച്ചിരുന്നത്. കോട്ടയം മാന്നാനത്ത് വീട്ടിൽ ചിലർ അതിക്രമിച്ച് കയറിയെന്നും ആക്രമണത്തിന് ഇരയായവരിൽ ഒരാൾ രക്ഷപ്പെട്ടുവെന്നും മറ്റൊരാൾ ഉടൻ സ്റ്റേഷനിൽ എത്തുമെന്നുമാണ് സ്പെഷൽ ബ്രാഞ്ച് എസ്.പിയെ ധരിപ്പിച്ചത്. ഇതിെൻറ അടിസ്ഥാനത്തിലാണ് എസ്.പി മുഖ്യമന്ത്രിക്ക് വിവരം നല്‍കിയതെന്നും അന്വേഷണസംഘം കണ്ടെത്തി.
ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നടന്ന വിവരങ്ങൾ സ്പെഷൽ ബ്രാഞ്ച് മറച്ചുെവച്ചതായും ആക്ഷേപമുണ്ട്. കെവിനെയും അനീഷിനെയും വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ വിവരം പുലർച്ച നാട്ടുകാർ ഗാന്ധിനഗർ പൊലീസിനെ അറിയിച്ചിരുന്നു. രാവിലെ ഏേഴാടെ കെവിെൻറ പിതാവും അനീഷിെൻറ ബന്ധുക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചു. രാവിലെ എേട്ടാടെ നീനുവും പൊലീസ് സ്റ്റേഷനിലെത്തി. ഏറെനേരം നീനു ഇവിടെ നിൽക്കുകയും ചെയ്തു. ഇക്കാര്യമൊന്നും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജില്ല പൊലീസ് മേധാവിയെ അറിയിച്ചില്ല. ഇത് മനഃപൂർവമാണോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയം മുൻ എസ്.പി വി.എം. മുഹമ്മദ് റഫീഖും സ്പെഷൽ ബ്രാഞ്ച് തനിക്ക് വിവരം നൽകിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനിടെ, വീഴ്ച വരുത്തിയ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നടപടിയെടുക്കാതെ രക്ഷിക്കാൻ നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്. എസ്.െഎയെ സസ്പെൻഡ് ചെയ്തെങ്കിലും സ്പെഷൽ ബ്രാഞ്ചുകാർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.
മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിൽ മുൻ എസ്.പിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് സ്പെഷൽ ബ്രാഞ്ച് വീഴ്ച പുറത്തുവന്നിരിക്കുന്നത്.
കെവിൻ വധം സി.ബി.ഐ അന്വേഷിക്കണം -അൽഫോൻസ് കണ്ണന്താനം
കോട്ടയം: കെവിൻ കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കേസിലെ പൊലീസുകാരുടെ പങ്ക് പുറത്തുകൊണ്ടുവരാൻ സി.ബി.െഎ അന്വേഷണമാണ് ഉചിതം. കേസിൽ പൊലീസിനു വലിയ വീഴ്ചവന്നു. പൊലീസിെൻറ മൗനസമ്മതമില്ലാതെ ഇത്രദൂരം ഒരാളെ തട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഒരു എ.എസ്.ഐ വിചാരിച്ചാൽ ഒരിക്കലും ഇക്കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല. ഇത്ര ഗുരുതരപ്രശ്നം ഉണ്ടായിട്ടും സ്പെഷൽ ബ്രാഞ്ച് അടക്കമുള്ള സംവിധാനം തീർത്തും പരാജയമായിരുന്നു. മുൻ കോട്ടയം എസ്.പിക്ക് പങ്കുണ്ടെന്ന് പൊലീസ് തന്നെ പറയുന്നു.
പൊലീസുകാർക്കെതിരെ സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ കൃത്യമായ വിവരങ്ങൾ പുറത്തുവരില്ല. കേസുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുെകാണ്ടുവരാൻ സി.ബി.െഎക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെവിെൻറ വീട്ടിലെത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കെവിനോടൊപ്പം സംഘം തട്ടിക്കൊണ്ടുപോയ അനീഷ് തെൻറ ജീവനു ഭീഷണി ഉണ്ടെന്ന് മന്ത്രിയോടു പറഞ്ഞു. ഒരുതരത്തിലും അക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് അനീഷിനെ കേന്ദ്രമന്ത്രി സമാധാനിപ്പിച്ചു. കെവിെൻറ അമ്മയും സഹോദരിയും ഭാര്യയും അദ്ദേഹത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞു. ഈ സാഹചര്യത്തിൽ ഈ കുടുംബത്തെ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലെന്ന് മന്ത്രി പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിയോടൊപ്പം കെവിെൻറ നട്ടാശ്ശേരിയിലുള്ള വസതിയിൽ എത്തിയ കേന്ദ്രമന്ത്രി 20 മിനിറ്റോളം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ചു. അഡ്വ. നോബിൾ മാത്യു, കെ.പി. ഭുവനേശ്, കെ.ജി. ജയചന്ദ്രൻ, എൻ.കെ. നന്ദകുമാർ, സന്തോഷ് ശ്രീവത്സം എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
