കെവിനെ തട്ടിക്കൊണ്ടു പോയ വിവരം എ.എസ്.ഐ പൂഴ്ത്തിയെന്ന് റിപ്പോർട്ട്
text_fieldsകോട്ടയം: പ്രണയ വിവാഹത്തെ തുടർന്ന് ഭാര്യാ വീട്ടുകാർ കെവിനെ തട്ടിക്കൊണ്ടു പോയ സംഭവം അറിഞ്ഞിട്ടും വിവരം പൂഴ്ത്തിവെച്ചത് ഗാന്ധിനഗർ എ.എസ്.ഐ ബിജുവാണെന്ന് ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്. പ്രതികളുമായി നിരവധി തവണ സംസാരിച്ച എ.എസ്.ഐ കേസ് അട്ടിമറിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് കെവിനെ തട്ടിക്കൊണ്ടു പോയ വിവരം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ അറിഞ്ഞു. ശനിയാഴ്ച രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് എ.എസ്.ഐ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
രാവിലെ മൂന്നര മണിയോടെ സംഭവ സ്ഥലത്ത് എ.എസ്.ഐ എത്തിയിരുന്നു. അവിടെ വെച്ച് കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛൻ ചാക്കോ, മകൻ ഷാനു എന്നിവരുമായി എ.എസ്.ഐ ഫോണിൽ രണ്ടു തവണ സംസാരിച്ചു. അവസാനമായി രാവിലെ ആറു മണിക്കാണ് സംസാരിച്ചത്. ഈ സമയത്താണ് കെവിൽ അക്രമിസംഘത്തിന്‍റെ കൈയിൽ നിന്ന് രക്ഷപ്പെട്ടെന്നും അനീഷിനെ ഉടൻ മോചിപ്പിക്കുമെന്നുമുള്ള വിവരം എ.എസ്.ഐ അറിയുന്നത്. കെവിനെ തിരിച്ചേൽപ്പിക്കണമെന്ന് ഷാനുവിനോട് എ.എസ്.ഐ ആവശ്യപ്പെട്ടു.
അതേസമയം തന്നെ എസ്.ഐ ഷിബുവിനെ വിളിക്കാൻ എ.എസ്.ഐ ശ്രമിച്ചെങ്കിലും എസ്.ഐ ഫോൺ എടുത്തില്ല. രാവിലെ ഒമ്പതിന് സ്റ്റേഷനിൽ എത്തുമ്പോഴാണ് എസ്.ഐ വിവരം അറിയുന്നത്. സംഭവം കുടുംബ പ്രശ്നമാക്കി മാറ്റി ലാഘവത്തോടെയാണ് പൊലീസ് വിഷയം കൈകാര്യം ചെയ്തത്. പിന്നീട് കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ചിന് വിവരം കൈമാറുകയും ചെയ്തെന്നുമാണ് ഐ.ജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
എസ്.ഐ ഷിബുവിനൊപ്പം സസ്പെൻഡ് ചെയ്യപ്പെട്ട എ.എസ്.ഐ സണ്ണിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയില്ലെന്നാണ് ലഭിക്കുന്ന വിവരം. പരാതി ലഭിച്ചപ്പോൾ തന്നെ ആവശ്യമായ നടപടികൾ എ.എസ്.ഐ സണ്ണി സ്വീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഡി.ജി.പിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
