കെവിന്‍റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം; വിജയ് സാഖറെക്ക് മേൽനോട്ടം
text_fieldsതിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാലു സ്ക്വാഡുകളാണ് ആഭ്യന്തര വകുപ്പ് രൂപീകരിച്ചത്.
കൊല്ലം ജില്ലയിലും കോട്ടയം ജില്ലയിലും അന്വേഷണത്തിന് വെവ്വേറെ ടീമുകളെ നിയോഗിച്ചു. ഇതു കൂടാതെ സി.ബി.സി.ഐ.ഡിയുടെ രണ്ടു ടീമും അന്വേഷണത്തിനുണ്ട്. രണ്ടു ജില്ലകളിലെ വിവിധ സ്ഥലങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുള്ളതു കൊണ്ടാണ് ഈ രീതിയില്‍ അന്വേഷിക്കുന്നത്. പ്രതികളില്‍ ഒരാളെ ഇതിനകം പിടികൂടിയിട്ടുണ്ട്.
പ്രതികള്‍ ഉപയോഗിച്ച ഒരു വാഹനവും കണ്ടെത്തി. ഈ സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറെ സസ്പെന്‍റ് ചെയ്യുകയും കോട്ടയം എസ്.പി.യെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി
സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. ഡി.ജി.പി വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻ കുമാർ ആവശ്യപ്പെട്ടു. യുവാവിനെ കണ്ടെത്താൻ പൊലീസ് സ്വീകരിച്ച മാർഗങ്ങൾ റിപ്പോർട്ടിൽ വിശദീകരിക്കണം. ഭാര്യ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് ഗൗരവകരമാണെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
