കെവിന്റെ മൃതദേഹം ആറുമണിക്കൂറോളം പെരുമഴയത്ത്
text_fieldsപുനലൂർ: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിൻ.പി ജോസഫിെൻറ മൃതദേഹം കണ്ടെത്തിയശേഷവും പെരുമഴയത്ത് ആറുമണിക്കൂറോളം ആറ്റുതീരത്ത് കിടന്നു. പുനലൂർ - ചാലിയക്കര എസ്റ്റേറ്റ് പാതയിൽ പത്തുപറ ഭാഗത്തെ വിജനമായ സ്ഥലത്ത് റോഡിൽനിന്ന് 75 അടിയോളം കിഴുക്കാംതൂക്കായ ഭാഗത്താണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്.
സ്വകാര്യവ്യക്തിയുടെ റബർ എസ്റ്റേറ്റായ ഈ ഭാഗത്ത് പുനലൂർ ടൗണിലെയും മറ്റും മാലിന്യം തള്ളാറുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ഇഷാൻ ഇസ്മായിൽ കാട്ടിക്കൊടുത്ത ഭാഗത്ത് മൃതദേഹം കണ്ടെത്താനായില്ല. ഈ ഭാഗത്തുനിന്ന് ദുർഘടമായ കുറേഭാഗം ആറ്റുതീരത്തുകൂടി നടന്നെത്തിയാണ് കെവിെൻറ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതദേഹം കരക്കെത്തിച്ചെങ്കിലും ആളുകളുടെ നിലക്കാത്ത പ്രവാഹം ബുദ്ധിമുട്ടുണ്ടാക്കി. ഇടക്കിടെ മഴ പെയ്തതും തോട്ടത്തിലൂടെയുള്ള ചെങ്കുത്തായും ചളിനിറഞ്ഞതുമായ വഴിയും പൊലീസിനെ ബുദ്ധിമുട്ടിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിെൻറ പൊലീസ് അതിർത്തി സംബന്ധിച്ച് തർക്കമുയർന്നു. അവസാനം പുനലൂർ പൊലീസ് അതിർത്തിയാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഇൻക്വസ്റ്റ് നടപടിക്ക് മണിക്കൂറുകൾ വേണ്ടിവന്നു. മൃതദേഹം തിരിച്ചറിയാൻ കെവിെൻറ ബന്ധുക്കൾ എത്താൻ വൈകിയതും അധികൃതരെ കുഴപ്പിച്ചു.
ഇതിനിടെ ആർ.ഡി.ഒയുടെ സാന്നിധ്യത്തിലേ ഇൻക്വസ്റ്റ് തയാറാക്കാവൂ എന്ന് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. ആർ.ഡി.ഒ എത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കിെല്ലന്ന് സ്ഥലത്തെത്തിയ എസ്.പിയെ കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇതിനെച്ചൊല്ലി സി.പി.എമ്മുകാരുമായി വാക്കേറ്റവും ഉണ്ടായി. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയേ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകുകയുള്ളൂവെന്ന് എസ്.പി ഉറപ്പുകൊടുത്തതോടെയാണ് രംഗം ശാന്തമായത്. ഉച്ചക്ക് ഒന്നരയോടെ കെവിെൻറ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
ആർ.ഡി.ഒ ചുമതല നൽകിയതനുസരിച്ച് പുനലൂർ തഹസിൽദാരുടെ മേൽനോട്ടത്തിലാണ് ഇൻക്വസ്റ്റ് നടന്നത്. ആറ് മണിക്കൂറിന് ശേഷമാണ് മൃതദേഹം സ്ഥലത്തുനിന്ന് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
