കെവിൻ കൊലപാതകം: രണ്ടു പേർ തമിഴ്നാട്ടിൽ അറസ്റ്റിൽ
text_fieldsകോട്ടയം: പ്രണയ വിവാഹത്തിെൻറ പേരിൽ കോട്ടയം സ്വദേശി കെവിൻ പി. ജോസഫിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ. ഇടമൺ നിഷാന മൻസിലിൽ നിയാസ് (23), റിയാസ് മൻസിലിൽ റിയാസ് (26) എന്നിവരെയാണ് ചെങ്കോട്ടക്ക് സമീപം പാവൂർ സത്രത്തിൽനിന്ന് തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ 13 പ്രതികളാണുള്ളതെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ എണ്ണം ഉയരാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.
അറസ്റ്റിലായ നിയാസ് ഡി.വൈ.എഫ്.ഐ ഇടമൺ യൂനിറ്റ് സെക്രട്ടറിയാണ്. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിൽ ഒന്ന് ഓടിച്ചത് നിയാസാണെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ കേസിൽ പ്രതിപ്പട്ടികയിൽ വന്നതിനെ തുടർന്ന് ഡി.വൈ.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ഇയാളെ പുറത്താക്കി. അറസ്റ്റിലായവരെ പുനലൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു വരുകയാണ്.

കേസിൽ നീനുവിെൻറ സഹോദരൻ ഷാനു ഉൾപ്പെടെ 10 പേരാണ് പ്രതികളായുണ്ടായിരുന്നത്. ഇഷാനെയാണ് പൊലീസ് ആദ്യം കസ് റ്റഡിയിലെടുത്തിരുന്നത്. ഇയാൾ നൽകിയ സൂചനയനുസരിച്ചാണ് പ്രതികളുടെ എണ്ണം 13 ആയി എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയത്. ഷാനു അടക്കമുള്ളവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
അതേസമയം, കെവിെൻറ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയത്ത് എത്തിച്ചു. നേരത്തേ കെവിെൻറ മൃതശരീരം ഇന്‍ക്വസ്റ്റ് ചെയ്ത ചാലിയേക്കരയില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. കെവിെൻറ ബന്ധുക്കള്‍ ഡി.എം.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചിരുന്നില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
കെവിെൻറ കൊലപാതകം ക്വട്ടേഷനാണെന്ന് കൂടെയുണ്ടായിരുന്ന അനീഷ് ആരോപിച്ചു. സ്ഥലത്തെത്തിച്ച് നല്‍കിയാല്‍ ഒന്നരലക്ഷം രൂപ നല്‍കാമെന്ന് പ്രതികള്‍ പറയുന്നത് കേട്ടു. പ്രതികള്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കി കിടത്തുമ്പോഴാണ് അവസാനമായി കെവിനെ കണ്ടത്. തന്നേയും കെവിനേയും ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഇരുവരേയും രണ്ട് വാഹനങ്ങളിലാണ് തട്ടിക്കൊണ്ടുപോയതെന്നും തെന്മലയെത്തിയപ്പോള്‍ ഇറക്കിവിട്ടെന്നും അനീഷ് വ്യക്തമാക്കി.
കെവിനൊപ്പം സുഹൃത്തായ അനീഷിനേയും അക്രമി സംഘം ഇന്നലെ തട്ടിക്കൊണ്ടുപോയിരുന്നു.
സമരഭൂമിയായി ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ; സംഘർഷം

കോട്ടയം: കെവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിഷേധത്തിൽ ഗാന്ധിനഗർ പൊലീസ് സ്േറ്റഷൻ സംഘർഷഭൂമിയായി. യു.ഡി.എഫ് നേതാക്കള്‍ ഒന്നടങ്കം സ്‌റ്റേഷന് മുന്നില്‍ സമര പ്രഖ്യാപനം നടത്തിയപ്പോള്‍ ഐ.ജി വിജയ് സാഖറെക്കുനേരെ കൂക്കുവിളിയും എസ്.പി വി.എം. മുഹമ്മദ് റെഫീഖിനുനേരെ നേരെ കൈയേറ്റ ശ്രമവും ഉണ്ടായി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പായിട്ടും ടെലിവിഷന്‍ ചാനലുകളില്‍ തുടര്‍ച്ചയായി നാലുമണിക്കൂര്‍ ലൈവായി നിന്നത് ഗാന്ധിനഗര്‍ സ്‌റ്റേഷനായിരുന്നു. കാണാതായ കെവിെൻറ മൃതദേഹം തെന്മലയിൽ കണ്ടെത്തിയെന്ന വാര്‍ത്ത പരന്ന പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ സ്‌റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തി.
തിങ്കളാഴ്ച രാവിലെ 10ന് കെവിെൻറ വീട് സന്ദർശിച്ചശേഷം മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്‌റ്റേഷന് മുന്നിലെത്തി കുത്തിയിരുന്ന് സമരം പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. തിരുവഞ്ചൂരിന് അനുഭാവം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരും രംഗത്തെത്തി. ഇതിനു പിന്നാലെ ബി.ജെ.പി, യൂത്ത് ഫ്രണ്ട്, സി.എസ്.ഡി.എസ്, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകളും സ്‌റ്റേഷന്‍ ഉപരോധിച്ച് സമരം ആരംഭിച്ചു. പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്‌റ്റേഷനിലെത്തി. എസ്.പി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി കെവിെൻറ വീട്ടിലേക്ക് മടങ്ങിയ പിന്നാലെ പ്രതിഷേധം കനത്തു. എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.
ഇതിനിടെ, റേഞ്ച് ഐ.ജി വിജയ് സാഖറെ സ്‌റ്റേഷനിലെത്തിയെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനുള്ളിലേക്ക് കയറ്റാന്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. പിന്നീട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഐ.ജിയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമൊന്നുമുണ്ടായില്ല. ഇതിനിടെയാണ് ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റെഫീഖിനുനേരെ കൈയേറ്റ ശ്രമമുണ്ടായത്. പൊലീസിെൻറ ഭാഗത്തുനിന്ന് തീരുമാനം വൈകിയതോടെ സ്‌റ്റേഷനു പുറത്ത് സംഘര്‍ഷം ശക്തമായി. പലതവണ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേരിയ പ്രകോപനംപോലും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശമുള്ളതിനാല്‍ പൊലീസ് സംയമനം പാലിച്ചു.
ഐ.ജി മേലുദ്യോഗസ്ഥരുമായി ഫോണില്‍ ചര്‍ച്ച നടത്തുന്നതിനിടെ, കൂടുതൽ യു.ഡി.എഫ് നേതാക്കള്‍ സ്‌റ്റേഷനിലേക്ക് എത്തിക്കൊണ്ടിരുന്നു.
വി.പി. സജീന്ദ്രന്‍ എം.എല്‍.എ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്‍, കെ. സുധാകരന്‍ എന്നിവരും ഏറ്റവുമൊടുവിൽ കെ.എം. മാണിയുമെത്തി. ശക്തമായ മഴ പെയ്തുവെങ്കിലും പ്രതിഷേധത്തില്‍നിന്ന് പിന്നാക്കം പോകാന്‍ നേതാക്കളോ അണികളോ തയാറായില്ല. പ്രതിഷേധം തുടരുന്നതിനിടെ റേഞ്ച് ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുമെന്ന പ്രഖ്യാപനമുണ്ടായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തില്‍നിന്ന് പിന്മാറി. അപ്പോഴും ബി.ജെ.പി, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്‌റ്റേഷനില്‍ മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് എത്തിയ പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ മടങ്ങി. തുടര്‍ന്ന് എസ്.ഡി.പി.ഐ, സി.എസ്.ഡി.എസ് സംഘടനകളും മടങ്ങി. യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരുടെ നേതൃത്വത്തിലും സ്‌റ്റേഷന്‍ ഉപരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
