എടപ്പാളിൽ വാക്കുതർക്കത്തിനിടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ സഹോദരിമാർ മരിച്ചു
text_fieldsഎടപ്പാള്‍: പോത്തനൂരില്‍ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില്‍ കല്ല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ തൃശൂർ മെഡി. കോളജ് ആശുപത്രിയിൽ മരിച്ചത്.
ബുധനാഴ്ച വൈകീട്ട് ആറോടെ പോത്തനൂരിലെ വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡി. കോളജിലേക്ക് മാറ്റുകയായിരുന്നു. അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ഇരുവരും വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വിധവയായ കല്ല്യാണി മാണിക്യപാലത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. മക്കളില്ല. കൂറ്റനാട് വാവനൂരില്‍ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകള്‍ക്കൊപ്പം ബുധനാഴ്ചയാണ് മാണിക്യപാലത്തെ കല്ല്യാണി താമസിച്ചിരുന്ന വീട്ടിലെത്തിയത്.
തങ്കമണിയും കല്ല്യാണിയും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ കല്ല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയെന്നാണ് വിവരം. സംഭവം കണ്ട് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സഹോദരി തങ്കമണിക്ക് പൊള്ളലേറ്റത് എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പൊന്നാനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

