മണ്ണെണ്ണ ലിറ്ററിന് 102 രൂപയായി വില വര്‍ധിപ്പിച്ചു, നിലവിലെ സ്റ്റോക്കിന് 84 രൂപ
text_fieldsതിരുവനന്തപുരം: മണ്ണെണ്ണ ലിറ്ററിന് 102 രൂപയായെങ്കിലും നിലവിലെ സ്റ്റോക്ക് തീരുംവരെ ലിറ്ററിന് 84 രൂപക്കുതന്നെ നൽകാൻ സർക്കാർ തീരുമാനം. ഈ വിലക്ക് മണ്ണെണ്ണ വിതരണം ചെയ്യാനാവശ്യമായ നിർദേശം പൊതുവിതരണ വകുപ്പ് കമീഷണർക്ക് നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
സാധാരണക്കാർക്ക് അധികഭാരം ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് മണ്ണെണ്ണയുടെ വില ലിറ്ററിന് 102 രൂപയായി കേന്ദ്ര സർക്കാർ വർധിപ്പിച്ചത്. 14 രൂപയുടെ വർധനവാണുണ്ടായത്. മേയിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണിൽ നാല് രൂപ വർധിച്ച് 88 രൂപയായി.
എന്നാൽ 84 രൂപക്ക് തന്നെ വിതരണം ചെയ്യാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്‌സ് കമീഷൻ, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവ കൂട്ടിച്ചേർത്ത വിലക്കാണ് റേഷൻകടകളിൽനിന്ന് മണ്ണെണ്ണ വിതരണം ചെയ്യുന്നത്.