'ആനയെയും കടുവയെയും കാട്ടുപന്നിയെയുമൊക്കെ കൊല്ലാനാണ് കേരളീയർക്ക് ഇഷ്ടം'; വിമർശനവുമായി മനേകാ ഗാന്ധി
text_fieldsവയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ കേരള സർക്കാർ ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്ന് ബി.ജെ.പി നേതാവും പരിസ്ഥിതി പ്രവർത്തകയുമായ മനേക ഗാന്ധി. കടുവയെ വെടിവെച്ചു കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവിലുണ്ട്. കേരളത്തിന്റെ നടപടി നിയമലഘനമാണെന്നും മനേക ഗാന്ധി പറഞ്ഞു. അതേസമയം, പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ഇന്ന് രാവിലെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
ഒരു കടുവയെയും വെടിവച്ചു കൊല്ലാനുള്ള ഉത്തരവിടാനാകില്ലെന്ന് മനേക ഗാന്ധി പറഞ്ഞു. കേരളം പതിവുപോലെ നിയമം ലംഘിക്കുകയാണ്. കടുവയെ പിടികൂടാം. എന്നാൽ കൊല്ലാനാകില്ല എന്നാണ് കേന്ദ്ര സർക്കാർ ഉത്തരവ്. ആനയെയും കടുവയെയും കാട്ടുപന്നിയെയുമൊക്കെ കൊല്ലാനാണ് കേരളീയർക്ക് ഇഷ്ടം. ഇത് അവസാനിപ്പിക്കാൻ രാജ്യത്ത് നിയമങ്ങളുണ്ടെന്നും കടുവ ദേശീയ സമ്പത്താണെന്നും മനേക ഗാന്ധി പറഞ്ഞു.
വയനാട്ടിലെ കടുവ പ്രായമായതാണ്. അതിനെ വേഗത്തിൽ പിടിക്കാം. അതുകൊണ്ടുതന്നെ കടുവയെ പിടികൂടാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. മനുഷ്യ- വന്യമൃഗ സംഘർഷങ്ങൾ ഉണ്ടാകുന്നതിന് കാരണം വന്യമൃഗങ്ങളുടെ പ്രദേശങ്ങൾ മനുഷ്യർ കൈയടക്കുന്നത് കൊണ്ടാണെന്നും മനേക ഗാന്ധി പറഞ്ഞു.
വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ഇന്ന് രാവിലെയാണ് പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിൽ ദൗത്യസംഘം ചത്തനിലയിൽ കണ്ടെത്തിയത്. പഞ്ചാരക്കൊല്ലിയിൽ വെള്ളിയാഴ്ചയാണ് തോട്ടം തൊഴിലാളിയായ രാധയെ കടുവ കൊന്നത്. കടുവയെ പിടിക്കാനായില്ലെങ്കിൽ വെടിവച്ചുകൊല്ലാമെന്ന് വനംമന്ത്രി ഉത്തരവിറക്കിയിരുന്നു. എന്നാൽ, ദൗത്യസംഘം തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.