കേരളം പലിശ കൊടുത്ത് വലയും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ വലിയൊരു പങ്കും കവരുന്നത് വായ്പകളുടെ പലിശ തിരിച്ചടവ്. 2015-16ൽ റവന്യൂ വരുമാനത്തിന്റെ 16.1 ശതമാനം പലിശയ്ക്കായി ചെലവാക്കിയപ്പോൾ 2025-26ൽ ഇത് 20.9 ശതമാനമായി ഉയർന്നു. നിലവിലെ സാമ്പത്തിക വർഷം 34,376.02 കോടിയാണ് പലിശയ്ക്ക് മാത്രമായി നീക്കിവെച്ചത്. വരുംവർഷങ്ങളിലും ഇത് വർധിക്കുമെന്ന് ബജറ്റ് രേഖകൾ അടിവരയിടുന്നു.
2027-28ൽ 38,131.39 കോടിയായും 2028-29ൽ 42,599.01 കോടിയായും പലിശച്ചെലവ് കുതിച്ചുയരും. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും പലിശക്കെണി ക്രമേണ മുറുകുന്നുവെന്ന് വ്യക്തമാണ്. 2022-23ൽ പലിശയിനത്തിൽ സംസ്ഥാനം തിരിച്ചടച്ചത് 25,176.36 കോടിയിരുന്നുവെങ്കിൽ 2024-25ൽ ഇത് 29,138.23 കോടിയായി. 2025-26ൽ 31,816.01 കോടിയും. നാല് വർഷത്തിനിടെ പലിശച്ചെലവിൽ മാത്രം വന്ന വർധന 9,199 കോടിയാണ്.
റവന്യൂ വരുമാനത്തിന്റെ വലിയൊരു ഭാഗം ഇത്തരത്തിൽ പലിശ അടക്കാൻ മാറ്റിവെക്കേണ്ടിവരുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തിന്റെ കടബാധ്യതയിൽ വലിയ വർധനവാണ്. 2015-16ൽ സംസ്ഥാന ജി.എസ്.ഡി.പിയുടെ 20.9 ശതമാനമായിരുന്ന കടം 2020-21ൽ 40.3 ശതമാനത്തിലെത്തി. 2025-26 സാമ്പത്തിക വർഷത്തിൽ മൊത്തം കടം 35.5 ശതമാനത്തിലേക്ക് താഴ്ന്നെങ്കിലും ഇതും ധനകമീഷൻ നിശ്ചയിച്ച 33 ശതമാനമെന്ന പരിധിയുടെ മുകളിലാണ്.
പുതുക്കിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ നിലവിലെ ആകെ പൊതുകടം 5.45 ലക്ഷം കോടിയാണ്. 2027-28 ൽ 6.09 ലക്ഷം കോടിയായും 2028-29 ൽ 6.81 ലക്ഷം കോടിയായും ഉയരുമെന്നാണ് കണക്കാക്കുന്നത്. പരിഷ്കരിച്ച ബജറ്റ് കണക്കുകൾ പ്രകാരം 2026-27 സാമ്പത്തിക വർഷത്തെ പൊതുവായ കടം തിരിച്ചടവിന് ആകെ 1,39,964.11 കോടി രൂപയാണ് നീക്കിവെച്ചത്. കേന്ദ്രസർക്കാറിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവിന് 981.19 കോടിയും.
കടം പരിധിവിട്ട് ഉയരുന്ന ഘട്ടത്തിൽ കടം-ജി.എസ്.ഡി.പി അനുപാതം 15-ാം ധനകാര്യ കമീഷൻ നിശ്ചയിച്ച 33 ശതമാനം എന്ന പരിധിയിലേക്ക് എത്തിക്കലാണ് സർക്കാറിന്റെ ദീർഘകാല ലക്ഷ്യം. നിലവിലെ 35.5 ശതമാനമെന്ന ഈ അനുപാതം 2026-27ൽ 33.50 ശതമാനവും 2028-29ൽ 33.33 ശതമാനവും എന്ന നിലയിലെത്തിക്കാൻ കഴിയുമെന്നാണ് ബജറ്റ് രേഖകൾ വ്യക്തമാക്കുന്നത്.
ഈ അനുപാതം കുറക്കാൻ ആഭ്യന്തര ഉൽപാദനത്തിൽ മികച്ച വളർച്ചയുണ്ടാകേണ്ടത് അത്യാവശ്യമാണ്. 2026-27ൽ 14.15 ശതമാനവും വരുംവർഷങ്ങളിൽ ആനുപാതികവുമായ വളർച്ച സർക്കാർ പ്രതീക്ഷിക്കുന്നു. ഒപ്പം സ്വന്തം നികുതി വരുമാനത്തിൽ 2026-27ൽ 18.24 ശതമാനം വളർച്ചയും ഉന്നം വെക്കുന്നു. നികുതി ചോർച്ച തടയുന്നതിലൂടെയും പിരിവ് ഊർജിതമാക്കുന്നതിലൂടെയും കടം വാങ്ങുന്നത് കുറക്കാൻ സാധിക്കുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടലുകൾ.
കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെൻഷൻ, പലിശ എന്നിവ നൽകാനായി മാത്രമാണ് വിനിയോഗിക്കുന്നത്. ശമ്പളം, പെൻഷൻ എന്നിവയിലെ വർധനവും ഡി.എ കുടിശ്ശിക വിതരണവും കാരണം 2026-27ൽ റവന്യൂ ചെലവിൽ 17.84 ശതമാനം വർധന പ്രതീക്ഷിക്കുന്നതായി ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു.
2022-23 മുതൽ 2028-29 വരെയുള്ള ശമ്പളച്ചെലവ്
2022-23 - 37,902.84 കോടി
2023-24 - 38,572.85 കോടി
2024-25- 39,903.81 കോടി
2026-27- 52,561.05 കോടി
2027-28 - 55,977.52 കോടി
2028-29- 59,616.06 കോടി
2022-23 മുതൽ 2028-29 വരെയുള്ള പെൻഷൻ ചെലവ്
2022-23 -26,090.04 കോടി
2023-24 - 25,644.24 കോടി
2024-25- 27,875.21 കോടി
2026-27- 35,438.92 കോടി
2027-28- 37,742.45 കോടി
2028-29- 40,195.71 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

