സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് അനുമതി നൽകില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് പുതിയ മദ്യനയത്തിൽ അനുമതി നൽകില്ലെന്ന് സൂചന. ചർച്ചകളുടെ ഭാഗമായി ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്. വി.ഡി. സതീശൻ സർക്കാറിന്‍റെ ആദ്യ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിർദേശിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. മദ്യലോബിയെ സഹായിക്കാനാണെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചു.
മദ്യം ഒഴുക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻമാറണമെന്ന് മദ്യവിരുദ്ധ, സാമുദായിക സംഘടനകൾ ആവശ്യപ്പെടുകയുമുണ്ടായി. മദ്യനയ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ച അവസാനഘട്ടത്തിലാണ്. മദ്യവിരുദ്ധ, സാമുദായിക സംഘടനകൾ, വ്യക്തികൾ, ബാർ തൊഴിലാളികൾ, പ്രമുഖർ എന്നിവരുമായെല്ലാം മന്ത്രി എം. ലിജു ചർച്ച നടത്തി വരികയാണ്.
മുൻ എക്സൈസ് മന്ത്രിമാരുടേയും നിർദ്ദേശങ്ങൾ സ്വീകരിക്കും. വ്യാഴാഴ്ച ചർച്ച അവസാനിപ്പിക്കുന്ന നിലക്കാണ് കാര്യങ്ങൾ. ഒക്ടോബർ പകുതിയോടെ മദ്യനയത്തിന്‍റെ കരടിന് രൂപം നൽകാനാണ് എക്സൈസ് വകുപ്പ് ഉദ്ദേശിക്കുന്നത്. തുടർന്ന് യു.ഡി.എഫിൽ ചർച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും.
ഇതുവരെയുള്ള ചർച്ചകളിൽ പങ്കെടുത്ത മദ്യവിരുദ്ധ, സാമുദായിക സംഘടനാ പ്രതിനിധികൾ വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ഒരു കാരണവശാലും അനുമതി നൽകരുതെന്ന നിർദ്ദേശമാണ് മുന്നോട്ടുവെച്ചത്. അതിന് പുറമെ പൊതുജനങ്ങളിൽ നിന്ന് ഓൺലൈനായും വകുപ്പ് അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. ഇതിലും ഭൂരിപക്ഷം പേരും ഇതേ നിലപാട് സ്വീകരിച്ചതായാണ് അറിയുന്നത്. ബാർ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിർദ്ദേശങ്ങളും മദ്യനയത്തിലുണ്ടാകും. ബാർലൈസൻസ് നൽകുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് പങ്കാളിത്തം തിരിച്ചുകൊണ്ടുവരുമെന്നാണ് വിവരം. ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് അങ്ങനെയൊരു രീതി ഉണ്ടായിരുന്നു. എന്നാൽ പിണറായി സർക്കാറിന്‍റെ കാലത്ത് പുതിയ ബാർ ആരംഭിക്കാൻ തദ്ദേശസ്ഥാപനത്തിന്‍റെ എൻ.ഒ.സി വേണമെന്ന വ്യവസ്ഥ മാറ്റിയിരുന്നു. അത് തിരിച്ചുകൊണ്ടുരുമെന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

