എസ്.ഐ.ആറിലെ പൊരുത്തക്കേടുകൾ വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമീഷന് കേരളത്തിന്റെ കത്ത്
text_fieldsതിരുവനന്തപുരം: എസ്.ഐ.ആറിലെ താളപ്പിഴകളും പൊരുത്തക്കേടുകളും അക്കമിട്ട് നിരത്തി എന്യൂമറേഷൻ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് കേരളത്തിന്റെ കത്ത്. സംസ്ഥാന സർക്കാറിനുവേണ്ടി ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. കണ്ടെത്താനാകാത്തവരുടെ പട്ടികയിൽ ഉൾപ്പെടുത്തി 24 ലക്ഷത്തോളം വോട്ടർമാരാണ് പുറത്താവുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവല്ല മണ്ഡലത്തിലെ നിലവിലെ എം.എൽ.എ മാത്യു ടി. തോമസും കുടുംബവും ഒല്ലൂർ മണ്ഡലത്തിലെ മുൻ എം.എൽ.എ രാജാജി മാത്യുവും കുടുംബവും കേരളത്തിന്റെ മുൻ ഡി.ജി.പി രാമൻ ശ്രീവാസ്തവയും കുടുംബവും അടക്കം സംസ്ഥാനത്തെ സ്ഥിരതാമസക്കാർക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. 2025ലെ സ്പെഷൽ സമ്മറി റിവിഷന് (എസ്.എസ്.ആർ) ശേഷം കേരളത്തിൽ 2.78 കോടി വോട്ടർമാരുണ്ട്. ഇവരിൽ എല്ലാവർക്കും എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തിട്ടില്ല. വിതരണം ചെയ്യാൻ കഴിയാത്ത ഫോമുകളുടെ വിശദാംശങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കുകയോ രാഷ്ട്രീയ കക്ഷികൾക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. 2025ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടെങ്കിലും ബി.എൽ.ഒമാർ വഴി എല്ലാ വോട്ടർമാർക്കും ഫോമുകൾ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ വിവരങ്ങൾ കമീഷൻ ലഭ്യമാക്കണം.
2002ൽ 18 വയസ്സിന് താഴെയായിരുന്നുവെങ്കിലും പിന്നീട് യോഗ്യരായ വോട്ടർമാരായ വലിയൊരു വിഭാഗത്തെ എസ്.ഐ.ആർ നടപടിക്ക് ശേഷം നിലവിലുള്ള വോട്ടർമാരുമായി (ബന്ധുക്കളുമായി) മാപ്പ് ചെയ്യണം. ഈ പ്രക്രിയ പൂർണമായിട്ടില്ല. മാപ്പ് ചെയ്യപ്പെടാതെ ബാക്കിയുള്ള വോട്ടർമാരുടെ പട്ടിക ബൂത്ത് അടിസ്ഥാനത്തിലും നിയമസഭ മണ്ഡല അടിസ്ഥാനത്തിലും പ്രസിദ്ധീകരിക്കണം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾക്കായി പിഴവില്ലാത്ത വോട്ടർ പട്ടിക അനിവാര്യമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി രണ്ടാഴ്ചയെങ്കിലും നീട്ടണമെന്നും യോഗ്യരായ എല്ലാ വോട്ടർമാരുടെയും പരാതികൾ പരിഹരിച്ച് എസ്.ഐ.ആർ ഫലപ്രദമായി പൂർത്തിയാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

