Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിലെ സംരംഭങ്ങൾ ആഗോള വേദിയിലേക്ക്

text_fields
bookmark_border
കമോൺ കേരള’യിൽ ‘മെയ്ഡ് ഇൻ കേരള’ പവലിയൻ ഒരുങ്ങുന്നു
കേരളത്തിലെ സംരംഭങ്ങൾ ആഗോള വേദിയിലേക്ക്
cancel

ദുബൈ: കാലം മാറുകയാണ്, പ്രവാസവും. തൊഴിലും അവസരങ്ങളും തേടി കടൽ കടന്ന വ്യക്തികളായിരുന്നു ഇക്കാലമത്രയും പ്രവാസത്തിലെ കഥാപാത്രങ്ങൾ.എന്നാലിനി കേരളത്തിൽ പിറവിയെടുത്ത സംരംഭങ്ങൾതന്നെ കടൽ കടക്കാൻ ഒരുങ്ങുകയാണ്. പ്രവാസ ലോകത്ത് സംരംഭങ്ങൾ തുടങ്ങി വിജയിച്ച് ജന്മനാട്ടിലേക്കുകൂടി വളർന്നവർ മലയാളികളിൽ ഏറെപ്പേരുണ്ട്. അതേസമയം, വരുംതലമുറയിലെ വിജയഗാഥകൾ വ്യത്യസ്തമായിരിക്കും. കേരളത്തിൽതന്നെ പിറവിയെടുത്ത് കടലും ആകാശവും കീഴടക്കിയ സംരംഭങ്ങളായിരിക്കും ഇനിയുള്ള കാലത്തെ വീരൻമാർ. അത്തരക്കാർക്ക് ആഗോളതലത്തിൽ ആദ്യ ചുവടുവെക്കാൻ വേദിയൊരുക്കുകയാണ് മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ മേളയായ ‘കമോൺ കേരള’.

കേരളത്തിൽനിന്നുള്ള സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും പരിചയപ്പെടുത്താൻ ‘മെയ്ഡ് ഇൻ കേരള’ എന്ന പേരിലാണ് പ്രത്യേക പവിലിയൻ സജ്ജമാക്കുന്നത്. ലോകത്തെ സാമ്പത്തിക മുന്നേറ്റത്തിന്‍റെ കേന്ദ്ര സ്ഥാനമായി മുന്നേറുന്ന യു.എ.ഇയിൽ നടക്കുന്ന ‘കമോൺ കേരള’യിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നൂറുക്കണക്കിന് സംരംഭങ്ങളാണ് എല്ലാ വർഷവും പങ്കെടുക്കുന്നത്. വിജയകരമായ കഴിഞ്ഞ ഏഴ് എഡിഷനുകളും സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യരക്ഷാധികാരത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ മേയ് എട്ട്, ഒമ്പത്, 10 തീയതികളിലായി ഷാർജ എക്സ്പോ സെന്‍ററിലാണ് ‘കമോൺ കേരള’യുടെ എട്ടാം എഡിഷൻ അരങ്ങേറുന്നത്. മുൻ എഡിഷനുകളിൽനിന്ന് വ്യത്യസ്തമായി പ്രദർശനങ്ങളിലും പരിപാടികളിലും വലിയ മാറ്റങ്ങളോടെയാണ് എട്ടാം എഡിഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്.

ബിസിനസ് പ്രമുഖരും ചെറുകിട സംരംഭകരും പൊതുജനങ്ങളുമെല്ലാം പങ്കെടുക്കുന്ന മേളയിൽ ആദ്യമായാണ് കേരളത്തിലെ സംരംഭങ്ങൾക്ക് പ്രത്യേകമായ പവിലിയൻ ഒരുക്കുന്നത്. എ.ഐ, ഐ.ടി, ഫിനാൻസ്, ട്രാവൽ, ഫുഡ് തുടങ്ങി എല്ലാ മേഖലകളിലെയും സംരംഭങ്ങൾക്ക് ഇവിടെ പ്രദർശനത്തിനും ആഗോള പങ്കാളിത്ത സാധ്യതകൾ തേടാനും അവസരമുണ്ടാകും. ‘കമോൺ കേരള’യുടെ അനുബന്ധ പരിപാടികൾ വഴി ജി.സി.സി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻകിട കമ്പനികളുമായും സംരംഭങ്ങളുമായും നിക്ഷേപകരുമായും സംവദിക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക്: +91 9645009444, +971 504851700.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala's initiatives reach the global stage
Next Story