കേരളത്തിന്‍റെ ഹെല്‍പ് ലൈനിലേക്ക് ഇതുവരെ എത്തിയത് 541 സഹായ അഭ്യര്‍ഥനകള്‍
text_fieldsതിരുവനന്തപുരം: പ്രവാസി കേരളീയർക്കായും കുടുംബാംഗങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശാനുസരണം സജ്ജീകരിച്ച ഹെല്‍പ് ലൈനിലേക്ക് ഇതുവരെ എത്തിയത് 541 സഹായ അഭ്യര്‍ഥനകള്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്‌ഡെസ്ക് നമ്പറുകളില്‍ ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ വന്ന 541 കോളുകളുടെ കണക്കാണിത്.
വിദേശത്തുനിന്ന് 188 പേരും രാജ്യത്തിനുള്ളിൽ നിന്നും 353 പേരും ഹെൽപ്‌ഡെസ്കില്‍ ബന്ധപ്പെട്ടു. ഇന്ത്യ — 353, യുഎഇ — 78, ഖത്തർ — 49, ബഹ്റൈൻ — 39, കുവൈത്ത് — 12, ഒമാൻ — 5, സൗദി അറേബ്യ — 3, യുകെ — 2 എന്നിങ്ങനെയാണ് കണക്കുകൾ. സ്ഥിതിഗതികളും ലഭിച്ച വിവരങ്ങളും നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി.
അടിയന്തിരമായി മരുന്നുള്‍പ്പെടെ ആവശ്യപ്പെട്ട് ബഹ്റൈനില്‍ നിന്നും പ്രവാസികള്‍ നോര്‍ക്ക റൂട്ട്സില്‍ ബന്ധപ്പെട്ടിരുന്നു. ഇവര്‍ക്ക് ലോക കേരള സഭാംഗങ്ങളുടെ പിന്തുണയില്‍ വേണ്ട സഹായം ലഭ്യമാക്കി. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പോയവർക്ക് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനായിട്ടുളള സഹായങ്ങളും നല്‍കി. ബഹ്റൈനിൽ ഗവൺമെൻറ് ഷെൽട്ടറുകൾ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ പ്രവാസികളിലേക്ക് എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു. ബഹ്റൈനില്‍ നോർക്ക പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും ഉള്‍പ്പെടുന്ന പ്രത്യേക ഹെൽപ്പ് ഗ്രൂപ്പ് (ഡെസ്ക്) രൂപീകരിച്ചും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പറ്റാതെ യു.എ.ഇ യില്‍ കുടുങ്ങി പോയ പ്രവാസികൾക്ക് അടിയന്തരമായ സഹായങ്ങളും മലയാളി സംഘടനകള്‍, ലോക കേരള സഭംഗങ്ങള്‍ എന്നിവര്‍ മുഖേന ലഭ്യമാക്കി.
കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍, ലോക കേരള സഭാംഗങ്ങള്‍, പ്രവാസി സംഘടനകള്‍ എന്നിവരുമായി ഏകോപനം തുടരുന്നു. സംഘര്‍ഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണം. അടിയന്തര സഹായത്തിനായി നോർക റൂട്ട്സ് ഹെൽപ്‌ഡെസ്കുമായി +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

