റദ്ദാക്കിയ യു.എ.പി.എ വീണ്ടും ചുമത്താൻ കേരളം നൽകിയ അപേക്ഷ മാറ്റിവെച്ചു
text_fieldsന്യൂഡൽഹി: മാവോവാദി രൂപേഷ് കുമാറിനുമേൽ യു.എ.പി.എ ചുമത്തിയത് റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. തിങ്കളാഴ്ച വാദം തുടങ്ങിയെങ്കിലും അടുത്തയാഴ്ച വാദം കേട്ട് തീർപ്പാക്കാനായി മാറ്റിവെക്കുകയാണെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
രൂപേഷിനെതിരെ യു.എ.പി.എ ചുമത്താൻ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ സർക്കാർ കാലതാമസം വരുത്തിയോ എന്ന് പരിശോധിക്കുമെന്നും ജസ്റ്റിസ് ഭൂഷൺ വ്യക്തമാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലെ മൂന്നു കേസുകളിലാണ് പ്രോസിക്യൂഷൻ നടപടി വൈകിയെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈകോടതി രൂപേഷിന് വിടുതൽ നൽകിയത്. ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും സർക്കാർ നൽകിയിട്ടുണ്ട്.
വിചാരണ നേരിടുന്ന മറ്റ് കേസുകളിലും രൂപേഷ് വിടുതൽ തേടിയിരുന്നു. ഈ ഹരജികൾ പരിഗണിക്കരുതെന്ന് വിചാരണക്കോടതികളോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ മൂന്നംഗ െബഞ്ചാണ് ഈ ഉത്തരവിട്ടിരുന്നത്.