സിക്കിം ലോട്ടറി കേസിൽ കേരളത്തിന് ജയം
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: സിക്കിം ലോട്ടറിക്ക് നികുതി ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി സുപ്രീംകോടതി ശരിവെച്ചു. നികുതിയിനത്തിൽ ഈടാക്കിയ തുക സംസ്ഥാന സർക്കാർ തിരികെ നൽകണമെന്ന ഹൈകോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
സിക്കിം സർക്കാറിന്റെയും പാലക്കാട് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമ എ. ജോൺ കെന്നഡിയുടെയും ഹരജികൾ പരിഗണിച്ചായിരുന്നു കേരളത്തിനെതിരായ ഹൈകോടതി വിധി. 2005ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം ഭരണഘടനവിരുദ്ധമാണെന്നും നികുതിയിനത്തിൽ ഈടാക്കിയ തുക തിരികെ നൽകണമെന്നുമായിരുന്നു ഹൈകോടതി ഉത്തരവ്. എന്നാൽ, ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ അനുവദിച്ച സുപ്രീംകോടതി ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നതിനാൽ സംസ്ഥാനത്തിന് നിയമം കൊണ്ടുവരാൻ അധികാരമുണ്ടെന്ന സർക്കാർ വാദം അംഗീകരിച്ചു.

