യു.ജി.സി കരട് ചട്ടങ്ങൾക്കെതിരെ യോജിച്ച പ്രതിരോധത്തിന് കേരളം മുൻകൈയെടുക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: യു.ജി.സി കരട് ചട്ടങ്ങളെ ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സഹകരണത്തോടെ പ്രതിരോധിക്കാൻ കേരളം മുൻകൈയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങള്‍ ലംഘിക്കുന്ന കരട് ചട്ടങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തെഴുതിയിട്ടുണ്ട്. ഇതേ വിഷയത്തില്‍ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതി.
ഈ വിഷയത്തില്‍ കൂട്ടായ പരിശ്രമങ്ങള്‍ക്കാണ് കേരളം മുന്‍കൈയെടുക്കുന്നത്. വി.സി നിയമനത്തിനുള്ള സെര്‍ച്ച് കം സെലക്ഷന് കമ്മിറ്റിയുടെ രൂപവത്കരണംപോലും ചാന്‍സലറുടെ മാത്രം അധികാരമാക്കിമാറ്റുകയാണ്. സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ഫലത്തില്‍ കേന്ദ്രം ഭരിക്കുന്ന പാർട്ടി തീരുമാനിക്കുന്ന നിലയാണ് പുതിയ യു.ജി.സി നിർദേശത്തിലുള്ളത്. വി.സി നിയമനത്തിനുള്ള സെര്‍ച്ച് കം സെലക്ഷന് കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാറിന് നാമനിർദേശം നല്‍കാനുള്ള അവകാശം ഇല്ലാതാക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ നിർമിക്കാന്‍ ശ്രമിക്കുന്നത് സർവകലാശാലകളില്‍ ഇനി കേന്ദ്രം ഭരണം നടത്തിക്കോളുമെന്ന് പറയുന്ന രാഷ്ട്രീയ ധാര്‍ഷ്ട്യമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വി.സി പദവിയിൽ അക്കാദമിക പരിചയമില്ലാത്തവരെയും നിയോഗിക്കാമെന്ന നിർദേശത്തിലൂടെ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ കൊണ്ടിരുത്താനുള്ള വളഞ്ഞ വഴിയാണ് കേന്ദ്രം പയറ്റുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിച്ച്, സംസ്ഥാന സര്‍വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കരട് ചട്ടങ്ങള്‍.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാരം ഏകീകരിക്കുകയും നിശ്ചയിക്കുകയും ചെയ്യുക എന്ന പരിമിതമായ ദൗത്യം മാത്രമേ സംസ്ഥാന സർവകലാശാലകളില്‍ കേന്ദ്രത്തിനുള്ളൂ. 1956ലെ യു.ജി.സി നിയമപ്രകാരം നിർമിച്ച ചട്ടങ്ങള്‍ സംസ്ഥാന നിയമങ്ങള്‍ ഒഴിവാക്കി സര്‍വകലാശാലകളെ നിയന്ത്രിക്കാനുള്ള പദ്ധതിയല്ലെന്ന് ഡോ. ബി.ആര്. അംബേദ്കര്‍ ഭരണഘടന അസംബ്ലിയില്‍ പറഞ്ഞതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

