കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടാകും, അവര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനം -വെള്ളാപ്പള്ളി
text_fieldsകോട്ടയം: എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ മുസ്‌ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടാകുമെന്നും എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയത്തു നടന്ന എസ്.എൻ.ഡി.പി നേതൃയോഗത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം.
“കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാല്‍ മതി കേരളാ ഗവണ്‍മെന്റ് എന്ന സ്ഥിതിയാണ് നിലവിലുള്ളത്. സ്കൂൾ കുട്ടികൾക്ക് സൂംബ പരിശീലനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലും സ്കൂൾ സമയം മാറ്റുന്ന കാര്യത്തിലും സമസ്തയുടെ നിലപാട് എന്താണ്? ഈ രാജ്യം എങ്ങോട്ടാ പോകുന്നത്. കേരളത്തില്‍ മുസ്‌ലിംകളാണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും സീറ്റ് കൂടുതല്‍ ചോദിക്കും. മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവര്‍ സീറ്റ് ചോദിക്കും. അവര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്, ഇങ്ങനെ പോയാല്‍ അച്യുതാനന്ദന്‍ പറഞ്ഞ പോലെ കേരളം ഒരു മുസ്‌ലിം ഭൂരിപക്ഷ നാടാകും.
കേരളത്തില്‍ മറ്റ് സമുദായങ്ങള്‍ ജാതി പറഞ്ഞ് എല്ലാം നേടുന്നു. ഈഴവര്‍ ജാതി പറഞ്ഞാല്‍ വിമര്‍ശനമാണ്. കേരളത്തിലെ ഈഴവര്‍ക്ക് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ്. ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കും. എസ്.എൻ.ഡി.പി യോഗം രാഷ്ട്രീയ ശക്തിയാകണം. അംഗങ്ങള്‍ അവരവരുടെ പാര്‍ട്ടികളില്‍നിന്നും അവകാശം നേടിയെടുക്കണം” -വെള്ളാപ്പള്ളി പറഞ്ഞു.
നേരത്തെ, സ്കൂളുകളിൽ സൂംബ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. തീരുമാനത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോകരുതെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിർക്കുന്നു. അവരുടെ ഈ നിലപാട് ശരിയല്ല. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. മതവികാരം വ്രണപ്പെടുത്താനാണ് ശ്രമം. ഈ ശ്രമങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മതരാജ്യമോ മതസംസ്ഥാനമോ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

