‘കേരളാ സ്റ്റോറി’യുടെ രണ്ടാം ഭാഗത്തെയും കേരളം തള്ളിക്കളയും -രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ തച്ചുടക്കാനും അമൂല്യമായി നമ്മള്‍ എക്കാലവും കരുതുന്ന മതാതീതമായ ഹൃദയബന്ധങ്ങളെ നശിപ്പിക്കാനുമുദ്ദേശിച്ച് നിര്‍മിച്ച 'ദി കേരള സ്‌റ്റോറി' സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്തകള്‍ വ്യാകുലപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല.
ഈ സിനിമയുടെ ഒന്നാം ഭാഗം കേരളത്തെ അപഹസിക്കാനും അപമാനിക്കാനും നമ്മുടെ നാടിന്റെ അനുപമമായ സാഹോദര്യത്തെ ഇകഴ്ത്തിക്കാട്ടാനുമായാണ് നിര്‍മിച്ചത്. ഒന്നാം ഭാഗത്തെ വെല്ലുന്ന വിധത്തില്‍ വെറുപ്പും ശത്രുതയും മതവര്‍ഗീയതയും കുത്തിനിറച്ച് രണ്ടാം ഭാഗമിറങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. കേരളം സംഘപരിവാറിനും അവരുടെ വിധ്വംസക ശക്തികള്‍ക്കും ഇപ്പോഴും ഒരു ബാലികേറാമലയാണ്. അതുകൊണ്ട് തന്നെ ലോകത്തിന് മാതൃകയായ നമ്മുടെ സംസ്‌കാരത്തെ എത്ര കണ്ട് വികൃതമാക്കാന്‍ കഴിയുന്നോ അത്ര കണ്ടവര്‍ വികൃതമാക്കും. നമ്മുടെ മതേതര ബോധത്തെയും മാനവികതയിലധിഷ്ഠിതമായ കൂട്ടായ്മകളെയും എത്ര കണ്ട് അവഹേളിക്കാമോ അത്ര കണ്ട് അവര്‍ അവഹേളിക്കും. എന്നാല്‍ അവര്‍ പരാജയപ്പെടും. ഈ വികൃതസൃഷ്ടികളൊന്നും മലയാളിയുടെ സാമൂഹിക-സാംസ്‌കാരിക ബോധത്തെ ഒന്ന് സ്പര്‍ശിക്കുക പോലും ചെയ്യില്ലെന്ന് നമുക്കുറപ്പിച്ച് പറയാന്‍ കഴിയും.
നൂറ്റാണ്ടുകളിലൂടെ രൂപം കൊണ്ടതാണ് കേരളത്തിന്റെ, മലയാളിയുടെ സംസ്‌കാരം. രണ്ടു മനുഷ്യര്‍ സ്‌നേഹത്താല്‍ പരസ്പരം ഒന്നുചേരുമ്പോള്‍ അതിന് മതത്തിന്റെയും വര്‍ഗീയതയുടെയും മുഖവും നിറവും നല്‍കി, അവയെ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണങ്ങളില്‍ കുടുക്കിയിടാനും അതുവഴി മനുഷ്യ മനസുകളെ വിഭജിച്ച് വെറുപ്പുല്‍പ്പാദിപ്പിക്കാനും ഫാഷിസ്റ്റു ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ കേരളം തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

