പുതിയ വിദ്യാഭ്യാസ നയം കേരളം അംഗീകരിക്കില്ല -പിണറായി
text_fieldsകോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ പുതിയ വിദ്യാഭ്യാസനയം കേരളത്തിന് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുഭാഗത്ത് വിദ്യാഭ്യാസമേഖല കാവിവത്കരിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ മറുഭാഗത്ത് രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെതന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന് സമാപനം കുറിച്ച് കടപ്പുറത്ത് കെ.വി. സുധീഷ് നഗറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര ചരിത്രത്തെയും പാഠഭാഗങ്ങളെയുമെല്ലാം തിരുത്തിയെഴുതുകയാണ് കേന്ദ്ര സർക്കാർ. ആർ.എസ്.എസിന്റെ നിർദേശാനുസരണം പ്രവർത്തിക്കുന്നവരാണവർ. വ്യത്യസ്ത ധാരകൾ ഒഴുകിയെത്തിയ മഹാപ്രസ്ഥാനമായിരുന്നു സ്വാതന്ത്ര്യസമര പ്രസ്ഥാനം. ഈ ധാരയിൽ അലിഞ്ഞുചേരാൻ കഴിയാത്തവരാണ് ആർ.എസ്.എസുകാർ. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ് അവർ. ജയിൽവാസം ഒഴിവാക്കുന്നതിന് ബ്രിട്ടീഷ് സർക്കാറിന്റെ സമ്മർദത്തിന് വഴങ്ങി പലരും മാപ്പെഴുതി കൊടുത്തിരുന്നു. അക്കൂട്ടത്തിൽപെട്ടയാളാണ് സവർക്കർ. ഇത് അതേപടി രേഖപ്പെടുത്തിയാൽ ബി.ജെ.പിക്ക് ക്ഷീണമാകും. അതിനാലാണ് ചരിത്രം തിരുത്താനും പാഠഭാഗങ്ങൾ മാറ്റാനും നോക്കുന്നത്. എന്നാൽ, ഈ പാഠഭാഗങ്ങൾ തിരുത്താൻ തയാറല്ലെന്ന് പ്രഖ്യാപിച്ച സർക്കാറാണ് കേരളത്തിലേത്. ഒഴിവാക്കിയ പാഠഭാഗങ്ങൾ പ്രത്യേകമായി ഉൾപ്പെടുത്താനും കേരളം തയാറായി. അതിന്റെ പകപോക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
2016നു മുമ്പ് അഞ്ചു ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽനിന്ന് കൊഴിഞ്ഞുപോയിരുന്നു. അടിസ്ഥാന സൗകര്യവും അക്കാദമിക് മികവും ഒത്തുചേർന്നപ്പോൾ 15 ലക്ഷം കുട്ടികൾ പുതുതായി ചേരുന്ന അവസ്ഥയുണ്ടായി. ഉന്നത വിദ്യാഭ്യാസരംഗത്തും മികവ് വർധിച്ചതിനാൽ ഇവിടെ പഠിക്കാൻ വരുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം പെരുകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജി അധ്യക്ഷതവഹിച്ചു.
സയണിസ്റ്റുകളും ആർ.എസ്.എസും ഇരട്ടക്കുഞ്ഞുങ്ങൾ
കോഴിക്കോട്: ഇസ്രായേലിലെ സയണിസ്റ്റുകളും ആർ.എസ്.എസും ഇരട്ട സഹോദരങ്ങളാണെന്നും അവരുടെ എല്ലാ ഭീകര പ്രവർത്തനങ്ങൾക്കും ആർ.എസ്.എസ് പിന്തുണ പ്രഖ്യാപിക്കുന്നത് അതുകൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തെ മഹാഭൂരിപക്ഷം രാജ്യങ്ങളും അപലപിച്ചിട്ടും അവർക്കൊപ്പം നിൽക്കാൻ ഇന്ത്യക്കായില്ല. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഇറാനെതിരെ നടത്തിയ ആക്രമണത്തെയും നേരിയതോതിൽപോലും അപലപിക്കാനായില്ല. അമേരിക്കൻ സമ്മർദത്തിന് വഴങ്ങുന്ന ഈ നിലപാട് രാജ്യത്തിന്റെ സാമ്രാജ്യത്വ വിരുദ്ധമുഖം നഷ്ടപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

