കേരളത്തിന് ലഭിക്കുന്ന ഓരോ 100 രൂപയിൽ 77ഉം പോകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വികസനത്തിന് വകയില്ലെന്ന് ധവളപത്രം
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ ആകെ വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളം, പെൻഷൻ, പലിശ എന്നീ ഇനങ്ങളിലേക്ക് മാത്രം ചെലവഴിക്കേണ്ടി വരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള ധവളപത്രം. സർക്കാരിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുന്ന വിധത്തിൽ ഇത്തരം ബാധ്യത വർധിച്ചു വരുന്നത് വികസന പ്രവർത്തനങ്ങളെ മുരടിപ്പിക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 77.6 ശതമാനവും ഈ മൂന്ന് ഇനങ്ങളിലേക്കായി ചെലവഴിച്ചു. ഇതിൽ ശമ്പളത്തിനായി 39,904 കോടി രൂപയും പെൻഷനായി 27,885 കോടി രൂപയും പലിശ നൽകുന്നതിനായി 29,138 കോടി രൂപയുമാണ് മാറ്റിവെച്ചത്. ആകെ 96,927 കോടി രൂപ ഈ ഇനങ്ങളിൽ മാത്രം ചെലവായി. 2025-26 വർഷത്തെ കണക്കുകൾ പ്രകാരം ഇത് 77 ശതമാനമായി തുടരുമെന്നാണ് സൂചന.
ദേശീയ ശരാശരി പ്രകാരം സംസ്ഥാനങ്ങളുടെ ബാധ്യതാ ചെലവ് വരുമാനത്തിന്റെ 46.1 ശതമാനം മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ബാധ്യത ഒന്നര ഇരട്ടിയിലധികമാണ്. കൈവശം വരുന്ന ഓരോ 100 രൂപയിലും 77 രൂപയും ഇത്തരം ചെലവുകൾക്കായി ഉപയോഗിക്കുമ്പോൾ, ബാക്കിയുള്ള വെറും 23 രൂപ മാത്രമാണ് സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ, ക്ഷേമപദ്ധതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സഹായം എന്നിവക്കായി മിച്ചം വരുന്നത്.
ശമ്പളത്തിനും പെൻഷനും പുറമെ, പലിശ ഇനത്തിലുള്ള ചെലവ് കുത്തനെ ഉയരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. 2015-16 കാലയളവിൽ വരുമാനത്തിന്റെ 16.1 ശതമാനമായിരുന്നു പലിശ നൽകാൻ ഉപയോഗിച്ചിരുന്നതെങ്കിൽ 2025-26-ൽ ഇത് 20.9 ശതമാനമായി ഉയർന്നു. കടമെടുക്കുന്ന തുക ആസ്തികൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്നതിന് പകരം ദൈനംദിന ചെലവുകൾക്കും പലിശ തിരിച്ചടവിനും ഉപയോഗിക്കുന്നതാണ് ഇതിന് കാരണം.
5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തിൽ പറയുന്നു. രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിലാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ്. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. 2025ൽ 262 ദിവസം സർക്കാരിന്റെ ദിവസേനയുള്ള വരവ്-ചെലവ് വ്യത്യാസം നികത്താൻ റിസർവ് ബാങ്ക് നൽകുന്ന താൽക്കാലിക വായ്പയെയും 84 ദിവസം ഓവർ ഡ്രാഫ്റ്റിനെയും ആശ്രയിച്ചു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികകൾ ഉൾപ്പെടെ 48,733 കോടി രൂപയുടെ കുടിശ്ശിക ബാധ്യതകൾ പുതിയ സർക്കാർ ഏറ്റെടുക്കണം. കിഫ്ബിക്ക് ഏകദേശം 21,000 കോടിയുടെ വായ്പാബാധ്യത ബാക്കിയുണ്ട്.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി ആയി ഉയർന്നു. കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ നഷ്ടത്തിൽ. പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാൽ സാമ്പത്തിക സമ്മർദ്ദം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടാൻ ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

