കേരളം കാത്തിരിക്കുന്നു; ഇനി 72 മണിക്കൂർ!
text_fieldsതിരുവനന്തപുരം: ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എക്സിറ്റ് പോളും കടന്ന് കേരളം ഫലപ്രഖ്യാപനത്തിന്റെ പടിവാതിൽക്കലേക്ക്. കേരളത്തിന്റെ രാഷ്ട്രീയ തലവിധി എന്താണെന്നറിയാൻ ഇനി 72 മണിക്കൂർ മാത്രം. ഭരണത്തുടർച്ചയുണ്ടാകുമോ അതോ മാറ്റത്തിന്റെ കാറ്റുവീശുമോ എന്ന ചോദ്യത്തിന് മൂന്ന് ദിവസത്തിനപ്പുറം ഉത്തരമാകും. എക്സിറ്റ് പോൾ ഫലങ്ങൾ ഒരു പോലെ ആവേശവും ആശങ്കയും സൃഷ്ടിച്ചതിന്റെ സമ്മിശ്ര വികാരത്തിലാണ് രാഷ്ട്രീയ ക്യാമ്പുകൾ. വോട്ടെണ്ണലിനുള്ള ഒരുക്കം വരണാധികാരികളുടെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു.
പോളിങ് ബൂത്തുകളിലെ നീണ്ട നിരയിലും നിശബ്ദ അടിയൊഴുക്കുകളിലും ആരുടെ തളർച്ചയും പടർച്ചയുമാണെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്ന് യു.ഡി.എഫ് അടിവരയിടുമ്പോൾ അങ്ങനെയൊന്ന് എവിടെയും പ്രകടമായിരുന്നില്ലെന്ന് അവസാന നിമിഷങ്ങളിലും എൽ.ഡി.എഫ് വിലയിരുത്തുന്നു. പുറമേ ആശ്വസിക്കുമ്പോഴും മന്ത്രിമാരടക്കം കടുത്ത മത്സരം നേരിട്ടതും പിന്നാലെ എക്സിറ്റ് പോൾ പ്രഹരവുമെല്ലാം ഇടതുമുന്നണിയെ പൊള്ളിക്കുന്നു.
ചുരുങ്ങിയ ദിവസങ്ങളായിരുന്നെങ്കിലും ഡീലും വാവിട്ട വാക്കുകളും മുതൽ പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദവും ശബരിമലയും വയനാട് ഫണ്ട് പിരിവും വരെ ആരോപണ പ്രത്യാരോപണങ്ങളും രാഷ്ട്രീയ വെല്ലുവിളികളും കൊണ്ട് ഇളകിമറിഞ്ഞതായിരുന്നു പ്രചാരണണ നാളുകൾ. ഇക്കുറി തെരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ടത് മുന്നണികൾ തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട് ആരോപണങ്ങളായിരുന്നു. സി.പി.എം-ബി.ജെ.പി ഡീൽ ആരോപണം ഉയർത്തി ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി കോൺഗ്രസാണ് ഒത്തുകളിയാരോപണങ്ങൾക്ക് തുടക്കമിട്ടത്. എസ്.ഡി.പി.ഐ സഹകരണത്തിന്റെ പേരിലും സി.പി.എം പഴികേട്ടു. പിന്നാലെ വയനാട് പുനരധിവാസത്തിന് പിരിച്ച ഫണ്ടിനെകുറിച്ച ചോദ്യങ്ങളിൽ കൃത്യമായ മറുപടി നൽകാതിരുന്നത് കോൺഗ്രസിനെയും വെട്ടിലാക്കി. ഇത് സി.പി.എം സൈബറിടങ്ങളിലടക്കം വലിയ പ്രചാരണായുധമാക്കിയതോടെ കോൺഗ്രസ് കണക്കുകൾ പുറത്തുവിട്ടതും പ്രചാരണകാലത്ത് തന്നെ.
വ്യക്തിപരമായ അധിക്ഷേപങ്ങളും തരംതാഴ്ന്ന പരാമർശങ്ങളും രാഷ്ട്രീയ മര്യാദയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന കാഴ്ചക്കും ഈ പ്രചാരണകാലം സാക്ഷിയായി. ഇതെല്ലാം ജനവിധിയെ എങ്ങനെ സ്വാധീനിക്കുമെന്നറിയാൻ ഇനി മൂന്ന് പകലും മൂന്ന് രാവും കാത്തിരിക്കണം.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യു.ആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ
തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ക്യു.ആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ക്യു.ആർ കോഡ് അധിഷ്ഠിത ഫോട്ടോ തിരിച്ചറിയൽ കാർഡ് സംവിധാനമാണ് ഏർപ്പെടുത്തുന്നത്. മേയ് നാലിന് നടക്കുന്ന വോട്ടെണ്ണൽ മുതൽ ഇത് നിലവിൽ വരും. ഭാവിയിൽ നടക്കുന്ന എല്ലാ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലും ബാധകമായിരിക്കും.
കഴിഞ്ഞ ഒരു വർഷത്തിനിടെ തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കിയ മുപ്പതോളം പദ്ധതികളുടെ തുടർച്ചയായാണ് ഈ നീക്കം. നേരത്തെ ബി.എൽ.ഒമാർക്ക് ക്യു.ആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ കാർഡുകൾ നൽകിയിരുന്നു.വരണാധികാരികൾ, സഹ വരണാധികാരികൾ, വോട്ടെണ്ണൽ ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ, സ്ഥാനാർഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിങ് ഏജന്റുമാർ തുടങ്ങി തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച എല്ലാവർക്കും ക്യു.ആർ കോഡ് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. മാധ്യമപ്രവർത്തകർക്ക് ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപവും മീഡിയ സെന്ററുകൾ സജ്ജീകരിക്കും. കമീഷൻ നൽകുന്ന പ്രത്യേക അധികാര പത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

