ഡയറക്ടറുടെ ആവശ്യം ഫലം കണ്ടില്ല; വിജിലൻസ് എസ്.പിയെ മാറ്റാതെ സർക്കാർ
text_fieldsതിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ മാറ്റണമെന്ന് ആവശ്യപ്പെട്ട എസ്.പിയെ സംരക്ഷിച്ച് സർക്കാർ. വിജിലൻസ് റിപ്പോർട്ടുകൾ അട്ടിമറിച്ചതിന് നടപടി നേരിട്ട എസ്.പി ബി. അശോകനെ വിജിലൻസിൽനിന്ന് മാറ്റണമെന്ന് ഡയറക്ടർ ലോക്നാഥ് ബെഹ്റ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില പ്രത്യേക ഉദ്ദേശ്യത്തോടെ അശോകനെ വിജിലൻസിൽ നിയമിച്ചതിനാൽ അദ്ദേഹത്തെ അവിടെ നിന്നുമാറ്റാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്നാണ് സൂചന.
സുപ്രധാന വിജിലൻസ് കേസുകൾ അന്വേഷിക്കുന്ന സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഒന്നിൽ അശോകനെ നിയമിച്ചത് ഏറെ വിവാദമായിരുന്നു. അഴിമതിക്കേസുകൾ അട്ടിമറിക്കുന്ന ഈ ഉദ്യോഗസ്ഥനൊപ്പം ജോലി ചെയ്യാൻ കഴിയില്ലെന്നും മറ്റെവിടെയെങ്കിലും നിയമനം നൽകണമെന്നും ചൂണ്ടിക്കാട്ടി അവിടത്തെ ഡിവൈ.എസ്.പി എൻ. നന്ദനൻ പിള്ള അവധിയിലാണ്. ഇൗ സാഹചര്യത്തിൽ അശോകെൻറ മുൻകാല നടപടികളും അതിന് ലഭിച്ച ശിക്ഷയും വ്യക്തമാക്കി വിശദ റിപ്പോർട്ടാണ് ബെഹ്റ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് നൽകിയത്.
കൈക്കൂലി ആരോപണത്തിനും രണ്ട് വിജിലൻസ് റിപ്പോർട്ടുകൾ തിരുത്തിയതിനും സ്ത്രീയുമായി ബന്ധപ്പെട്ട കേസിലും അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് അശോകൻ. മുമ്പ് വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ അവിടെ ഉദ്യോഗസ്ഥരെ നിയമിക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ അശോകെൻറ നിയമന ഉത്തരവ് പുറത്തിറങ്ങിയ ശേഷമാണ് ഡയറക്ടർ പോലും അറിഞ്ഞത്.
പത്തനംതിട്ട എസ്.പിയായിരുന്ന അശോകനെ തിരക്കിട്ടാണ് വിജിലൻസിൽ സർക്കാർ നിയമിച്ചത്. എ.ഡി.ജി.പി ടോമിൻ തച്ചങ്കരിക്കെതിരായ ആർ.ടി.ഒ കൈക്കൂലിക്കേസ്, ബാർ കോഴക്കേസ്, ടൈറ്റാനിയം, പാറ്റൂർ ഭൂമിയിടപാട് എന്നിവയെല്ലാം അന്വേഷിക്കുന്ന സ്പെഷൽ യൂനിറ്റിലായിരുന്നു നിയമനം. എസ്.പിയെ മാറ്റാത്ത സാഹചര്യത്തിലാണ് ബാർകോഴ, പാറ്റൂർ കേസുകൾ അശോകെൻറ യൂനിറ്റിൽനിന്ന് മാറ്റി ബെഹ്റ കഴിഞ്ഞദിവസം ഉത്തരവിട്ടത്. എന്നാൽ തച്ചങ്കരി, ടൈറ്റാനിയം കേസുകൾ ഇപ്പോഴും ഇൗ യൂനിറ്റിൽ തന്നെയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
