ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരനും അറസ്റ്റില്‍
text_fieldsകൊല്ലം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ജീവനക്കാരനും അറസ്റ്റിൽ. നെയ്യ് സ്റ്റോര്‍ സൂപ്രണ്ടിന്റെ ഓഫിസിലെ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി ജയലാലിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ദേവസ്വം ബോര്‍ഡിലെ പഞ്ചവാദ്യം ജീവനക്കാരനായ ജയലാലിനായിരുന്നു സ്റ്റോറിന്റെ ചുമതല. നെയ്യ് ക്രമക്കേടില്‍ നേരത്തെ അറസ്റ്റിലായ കരാറുകാരന്‍ എസ്.എസ്. ബിനുവിനെ ബുധനാഴ്ച കൊല്ലം വിജിലന്‍സ് കോടതി, വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ബിനുവിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ജയലാലിനെ അറസ്റ്റ് ചെയ്തത്.
ശബരിമല മണ്ഡലകാലത്ത് ദേവസ്വം ബോര്‍ഡിലെ മറ്റു ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയോഗിക്കും. ജയലാലിനെ നെയ്യ് സ്റ്റോര്‍ സൂപ്രണ്ടിന്റെ ഓഫിസിലാണ് മണ്ഡലകാലത്ത് നിയോഗിക്കുന്നത്. കരാറുകാരനായ ബിനുവിന്റെ നിര്‍ദേശപ്രകാരം മില്‍മ നെയ്യ് ശബരിമലയില്‍ എത്തിയതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് ജയലാലായിരുന്നു. ഇതിന്റെ പ്രതിഫലമായി ലക്ഷങ്ങള്‍ ബിനുവില്‍നിന്ന് കൈപ്പറ്റിയതായും സ്‌റ്റോറില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത് ജയലാലാണെന്നും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ ബിനു വിജിലന്‍സിന് മൊഴി നല്‍കി.
ഇതുസംബന്ധിച്ച് ചില രേഖകളും ബിനുവില്‍നിന്ന് വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജയലാലിനെ അറസ്റ്റ് ചെയ്തത്. വിജിലന്‍സ് കസ്റ്റഡയിലുണ്ടായിരുന്ന ബിനുവിനൊപ്പം ഇരുത്തി ജയലാലിനെയും ചോദ്യം ചെയ്തു. മൂന്നു ദിവസത്തെ വിജിലന്‍സ് കസ്റ്റഡിയില്‍ കോടതി വിട്ടിരുന്ന കരാറുകാരന്‍ ബിനുവിനെ കോടതിയില്‍ ഹാജരാക്കി. തുടർന്ന് വീണ്ടും റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.
മൊഴികള്‍ പൂര്‍ണമായും പരിശോധിച്ചശേഷം വേണമെങ്കില്‍ ഇരുവരെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തേണ്ടിയിരുന്ന മില്‍മ നെയ്യ് തമിഴ്‌നാട്ടിലെ രണ്ടു ഏജന്‍സികള്‍ക്ക് മറിച്ചുവിറ്റെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഗുണനിലവാരം കുറഞ്ഞ മോശം നെയ്യാണ് പകരം സന്നിധാനത്ത് എത്തിച്ചതെന്നും കണ്ടെത്തി. ഇതിലൂടെ രണ്ടര കോടി രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടായെന്നാണ് നിഗമനം.

