Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മയാരെന്ന്...

അമ്മയാരെന്ന് അറിയാത്തവർ വന്ദേമാതരത്തെ എതിർക്കുന്നു; ആർ.എസ്.എസ് വേദിയിൽ വിവാദ പ്രസംഗവുമായി കേരള സര്‍വകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ

text_fields
bookmark_border
അമ്മയാരെന്ന് അറിയാത്തവർ വന്ദേമാതരത്തെ എതിർക്കുന്നു; ആർ.എസ്.എസ് വേദിയിൽ വിവാദ പ്രസംഗവുമായി കേരള സര്‍വകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ
cancel

തിരുവനന്തപുരം: വന്ദേമാതരത്തെ എതിർക്കുന്നവർക്കെതിരെയും സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ സംവിധാനത്തിനെതിരെയും ഗുരുതര ആരോപണങ്ങളുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ആർ.എസ്.എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച 'സങ്കൽപ്പ് 2026' പരിപാടിയിൽ മുഖ്യപ്രഭാഷകനായി സംസാരിക്കവെയാണ് വി.സി വീണ്ടും വിവാദ പരാമർശങ്ങൾ നടത്തിയത്. വേദിയിലെ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

ഭാരതഭൂമിയെ മാതാവായി കണ്ട് ആരാധിക്കുന്ന സംസ്കാരമാണ് നമ്മുടേതെന്നും വന്ദേമാതരം ആലപിക്കുന്നത് മാതൃഭൂമിയോടുള്ള ആദരസൂചകമായാണെന്നും വി.സി. പറഞ്ഞു. അമ്മയെക്കുറിച്ച് അറിയുന്നവർ എപ്പോഴും വന്ദേമാതരം എന്ന് ഉറക്കെ വിളിച്ചുപറയും. എന്നാൽ അമ്മ എന്താണെന്നോ ആരാണെന്നോ അറിയാത്തവരാണ് ഇതിനെ എതിർത്തു സംസാരിക്കുന്നത്. നിലവിൽ ഇതിനെ എതിർക്കുന്നവരുടെ മനോഭാവത്തിൽ വരുംദിവസങ്ങളിൽ മാറ്റം വരുമെന്നും രാജ്യം ആ മാറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവതലമുറ തൊഴിലിനായി പി.എസ്.സി പരീക്ഷകളെ മാത്രം ആശ്രയിക്കുന്ന പ്രവണതയെ വി.സി വിമർശിച്ചു. ഉന്നത ബിരുദം നേടിയ ശേഷം എല്ലാവരും പി.എസ്.സി പരീക്ഷകൾക്ക് പിന്നാലെ പായുന്നത് ശരിയല്ല. നിലവിലെ സാഹചര്യത്തിൽ പി.എസ്.സി വഴി ജോലി നേടണമെങ്കിൽ മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്യേണ്ട സ്ഥിതിയാണുള്ളത്. ഇത്തരം ആശ്രിത മനോഭാവങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ച് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ യുവാക്കൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ദേശീയ വിദ്യാഭ്യാസ നയം മൂന്ന് വയസ്സുള്ള കുട്ടികൾക്ക് പോലും മുൻഗണന നൽകുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നാല് വർഷ ബിരുദ കോഴ്‌സുകൾ കേരളത്തിൽ നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന് ചിലർ വാദിച്ചെങ്കിലും കേരള സർവകലാശാലയിൽ അത് വിജയകരമായി ആരംഭിക്കാൻ തനിക്ക് കഴിഞ്ഞു. ഇപ്പോൾ എല്ലാവരും ആ രീതി പിന്തുടരുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലോകത്തിലെ 60 ശതമാനത്തോളം മരുന്നുകൾ നിർമ്മിക്കുന്നത് ഇന്ത്യയാണെന്നും വിദേശികൾക്ക് പോലും മരുന്ന് വേണമെങ്കിൽ ഭാരതത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളതെന്നും വി.സി പറഞ്ഞു. പണ്ടത്തെ നല്ല കാലത്തേക്ക് രാജ്യം തിരിച്ചുപോവുകയാണെന്നും, അക്കാലത്തെ നമ്മുടെ സമ്പത്ത് കൊള്ളയടിച്ച കള്ളന്മാർക്ക് കൂട്ടുകാരായി നിന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. ആർ.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടികളിൽ വി.സി തുടർച്ചയായി പങ്കാളിയാകുന്നതിനെതിരെ മുൻപും വിവിധ മേഖലകളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande MataramKerala UniversiyRSSDr Mohanan Kunnummal
News Summary - Kerala VC Criticizes Vandemataram Opposition
Next Story