കേരള വി.സി നിയമനം: സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ സെനറ്റ് യോഗം 11ന്
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല വൈസ്ചാൻസലർ നിയമനത്തിന് സെർച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കാൻ സർവകലാശാല സെനറ്റിന്റെ പ്രത്യേക യോഗം ഈ മാസം 11ന് വിളിച്ചുചേർക്കാൻ തീരുമാനം. വി.സി നിയമന സെർച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയുടെ പേര് 11നു മുമ്പ് അറിയിക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്നാണ് യോഗം വിളിക്കാൻ വി.സി തയാറായത്. സെനറ്റ് യോഗ അറിയിപ്പ് അംഗങ്ങൾക്ക് രജിസ്ട്രാർ അയച്ചിട്ടുണ്ട്. സെർച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയുടെ തെരഞ്ഞെടുപ്പ് മാത്രമാണ് അജണ്ട.
ഗവർണറുടെ നിർദേശപ്രകാരം ജൂലൈ 15ന് ചേർന്ന സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ. രാമചന്ദ്രനെ തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം ചുമതല ഒഴിയുകയായിരുന്നു. പകരം പ്രതിനിധിയെയാണ് 11ന് ചേരുന്ന സെനറ്റ് യോഗം തെരഞ്ഞെടുക്കേണ്ടത്. രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ഇടതുപക്ഷ അംഗങ്ങൾ പേര് നിർദേശിച്ചില്ലെങ്കിൽ യു.ഡി.എഫ് അംഗങ്ങൾ നിർദേശിക്കുന്ന അംഗത്തെ വി.സിക്ക് സെനറ്റ് പ്രതിനിധിയായി അംഗീകരിക്കേണ്ടിവരും.
മൂന്നു തവണയാണ് ചാൻസലറായ ഗവർണർ പ്രതിനിധിയെ ആവശ്യപ്പെട്ട് സർവകലാശാലക്ക് കത്ത് നൽകിയത്. എന്നാൽ, സെനറ്റ് പ്രതിനിധിയില്ലാതെ രണ്ടംഗ സെർച് കമ്മിറ്റി രൂപവത്കരിച്ചതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയുള്ള മറുപടിയാണ് സർവകലാശാല നൽകിയിരുന്നത്. ഇതിനു പിന്നാലെയാണ് സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ സർവകലാശാല സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ഗവർണർ ആവശ്യപ്പെടുകയും 11നകം പ്രതിനിധിയെ നൽകാൻ അന്ത്യശാസനം നൽകുകയും ചെയ്തത്.

