വാത്സല്യമറ്റ് ‘വാത്സല്യ നിധി’
text_fieldsകൊച്ചി: പട്ടികജാതി പെൺകുട്ടികൾക്കുള്ള ‘വാത്സല്യ നിധി’ പദ്ധതി നിലച്ചതായി വിവരാവകാശ രേഖ. പദ്ധതിയുടെ സഹപങ്കാളികളായ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ പിന്മാറ്റമാണ് പ്രതിസന്ധിയിലാകാൻ കാരണമെന്നാണ് പട്ടികജാതി വികസന വകുപ്പ്, വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയെ അറിയിച്ചത്.
പട്ടികജാതി പെൺകുട്ടികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ 2017-18 വർഷത്തിലാണ് പദ്ധതി ആരംഭിച്ചത്. 2017 ഏപ്രിൽ ഒന്നിന് ശേഷം ജനിച്ചവരും വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ള പട്ടികജാതി പെൺകുട്ടികൾ അപേക്ഷിക്കാൻ അർഹരാണ്. കഴിഞ്ഞ ഒക്ടോബർ 30 വരെ 259 പെൺകുട്ടികൾ പദ്ധതിയിൽ അംഗങ്ങളായി ചേർന്നിട്ടുമുണ്ട്.
പട്ടികജാതി വികസന വകുപ്പ് നാല് ഗഡുക്കളായി 1,38,000 രൂപ എൽ.ഐ.സിയിൽ നിക്ഷേപിക്കുമ്പോൾ പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായാൽ മൂന്നുലക്ഷം രൂപ തിരികെ ലഭിക്കുന്നതുമാണ് പദ്ധതി.രക്ഷാകർത്താക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമായി ഇൻഷുറൻസ് പരിരക്ഷകളും വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, 2020 ജൂൺ ഒന്ന് മുതൽ കേന്ദ്ര സർക്കാർ പി.എം.ജെ.ജെ.ബി.വൈ പദ്ധതി നിർത്തിയതിനാൽ പെൺകുട്ടിയുടെ ഒന്നാം രക്ഷിതാവിന് മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ ലഭിക്കേണ്ട ഇൻഷുറൻസ് തുകയും പെൺകുട്ടിക്കും ഒരു സഹോദരനോ സഹോദരിക്കോ ലഭിക്കുമെന്ന് പറഞ്ഞ സ്കോളർഷിപ് തുകയും അനുവദിക്കാൻ എൽ.ഐ.സി തയാറാകാത്തതാണ് പദ്ധതി പ്രതിസന്ധിയിലാക്കിയത്.
ഇതോടെ എൽ.ഐ.സിയെ ഒഴിവാക്കി പദ്ധതി പുനരാവിഷ്കരിക്കാൻ സർക്കാർ നിർദേശിച്ചു. ഈ സാഹചര്യത്തിൽ പുതിയ അപേക്ഷകൾ സ്വീകരിക്കേണ്ടന്നും സർക്കാർ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

