എ. വിജയരാഘവന്‍റെ ഭാര്യയുടെ നിയമനം; കേരളവർമ പ്രിൻസിപ്പാൾ രാജിവെച്ചു
text_fieldsതൃശൂർ: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍റെ ഭാര്യ ഡോ. ആർ. ബിന്ദുവിനെ തൃശൂർ ശ്രീ കേരളവർമ കോളജിൽ വൈസ് പ്രിൻസിപ്പാളായി നിയമിച്ചതിൽ പ്രതിഷേധിച്ച് കോളജ് പ്രിൻസിപ്പാൾ എ. ജയദേവൻ രാജിവെച്ചു. കോളജ് മാനേജ്മെന്‍റായ കൊച്ചിൻ ദേവസ്വം ബോർഡിന് ഇദ്ദേഹം രാജിക്കത്ത് നൽകിയതായാണ് വിവരം. പ്രിൻസിപ്പാളിന്‍റെ അധികാരം വൈസ് പ്രിൻസിപ്പാളിന് വീതിച്ച് നൽകിയത് നേരത്തെ വിവാദമായിരുന്നു.
പ്രധാന ചുമതലകൾ ഉൾപ്പടെ പകുതിയിലേറെ ചുമതലകൾ വൈസ് പ്രിൻസിപ്പാളിനാണ് നൽകിയിരുന്നത്. ഇതിലൂടെ പരീക്ഷാ നടത്തിപ്പും കോളജിന്‍റെ നടത്തിപ്പും മാത്രമായി പ്രിൻസിപ്പാളിന്‍റെ പദവി ചുരുങ്ങിയിരുന്നു.
വൈസ് പ്രിൻസിപ്പാളിനെ നിയമിക്കാനുണ്ടായ സാഹചര്യം തന്നെ അറിയിക്കുകയോ താനുമായി കൂടിയാലോചിക്കുകയോ ചെയ്തിട്ടില്ലെന്ന് രാജിവെച്ച പ്രിൻസിപ്പാൾ എ. ജയദേവൻ അറിയിച്ചിരുന്നു.
ഒക്ടോബർ മുപ്പതിനാണ് കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ ബിന്ദുവിനെ വൈസ് പ്രിൻസിപ്പാളായി നിയമിച്ചത്. കോളജ് മാനേജ്മെന്‍റായ സി.പി.എം നേതൃത്വത്തിലുളള കൊച്ചിൻ ദേവസ്വം ബോർഡ് വൈസ് പ്രിൻസിപ്പൽ തസ്തിക പ്രത്യേകം സൃഷ്ടിക്കുകയായിരുന്നു.