കേരള സർവകലാശാല: രജിസ്ട്രാറെ ഒഴിവാക്കി വി.സിയുടെ യോഗം, പങ്കെടുത്തത് താൽക്കാലിക രജിസ്ട്രാർ
text_fieldsതിരുവനന്തപുരം: ഭരണസ്തംഭനം തുടരുന്ന കേരള സർവകലാശാലയിൽ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ ഒഴിവാക്കി താൽക്കാലിക രജിസ്ട്രാർ ഡോ. മിനി കാപ്പനെ പങ്കെടുപ്പിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ യോഗം വിളിച്ചു. വിദേശ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക്സിന്റെ യോഗമാണ് വി.സി ഓൺലൈനായി വിളിച്ചത്. മിനി കാപ്പന് പുറമെ സെൻറർ ഡയറക്ടർ ഡോ. സാബു ജോസഫും യോഗത്തിൽ പങ്കെടുത്തു.
കേന്ദ്രസർക്കാർ അനുമതി നൽകിയ 93 വിദേശ വിദ്യാർഥികൾക്ക് കേരള സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളജുകളിൽ പ്രവേശനത്തിന് യോഗം അനുമതി നൽകി. 90 വിദ്യാർഥികളുടെ യാത്രാചെലവ് ഉൾപ്പടെയുള്ള പഠന ചെലവ് പൂർണമായി കേന്ദ്രസർക്കാറാണ് വഹിക്കുക. കേരള സർവകലാശാലയിൽ 2620 വിദേശ വിദ്യാർഥികൾ ഓപ്ഷന് നൽകിയിരുന്നു. അവരിൽ 93 പേരാണ് പ്രവേശനം നേടിയത്. അതേസമയം, രജിസ്ട്രാർ അനിൽകുമാർ ബുധനാഴ്ച സർവകലാശാലയിൽ എത്തിയെങ്കിലും വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ കാമ്പസിൽനിന്ന് വിട്ടുനിൽക്കുകയാണ്.
ഔദ്യോഗിക വാഹനത്തിലെത്തി രജിസ്ട്രാർ
തിരുവനന്തപുരം: ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വിലക്കിയ വി.സിയുടെ ഉത്തരവ് തള്ളി കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ.
ഔദ്യോഗിക വാഹനത്തിൽ തന്നെയാണ് രജിസ്ട്രാർ ബുധനാഴ്ചയും കാമ്പസിലെത്തിയത്. താൻ യൂനിവേഴ്സിറ്റി നിയമ പ്രകാരം രജിസ്ട്രാറായി തുടരുകയാണെന്നും തന്റെ സസ്പെൻഷൻ നിയമന അധികാരിയായ സിൻഡിക്കേറ്റ് പിൻവലിച്ചതിനാൽ കാർ ഉപയോഗിക്കാൻ നിയമ തടസ്സമില്ലെന്നും അനിൽകുമാർ അറിയിച്ചതായി സെക്യൂരിറ്റി ഓഫിസർ റിപ്പോർട്ട് ചെയ്തു.
അതേസമയം, രജിസ്ട്രാർ അനിൽകുമാർ ചാൻസലറെ കാണാൻ അനുമതി ചോദിച്ചെന്നും രാജ്ഭവൻ നിഷേധിച്ചെന്നുമുള്ള പത്രവാർത്ത പച്ചക്കള്ളമാണെന്ന് സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. ജി. മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

