വേടനെക്കുറിച്ചുള്ള പാഠഭാഗം; കേരള സർവകലാശാല വി.സി വിശദീകരണം തേടി
text_fieldsതിരുവനന്തപുരം: റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിയെക്കുറിച്ചുളള പാഠഭാഗം കേരള സർവകലാശാല നാലുവർഷ ബിരുദ സിലബസിൽ ലേഖനമായി ഉൾപ്പെടുത്തിയതിൽ വിശദീകരണം തേടി വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ.
നാല് വർഷ ബിരുദ കോഴ്സിൽ മൂന്നാം സെമസ്റ്ററിൽ ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്‍റുകൾ പഠിപ്പിക്കേണ്ട ‘കേരള സ്റ്റഡീസ് ആർട്ട് ആൻഡ് കൾച്ചർ’ എന്ന കോഴ്സിലാണ് വേടനെക്കുറിച്ചുള്ള ലേഖനം ഉൾപ്പെടുത്തിയത്.
പാബ്ലോ നെരുദയുടെ പേരിൽ നെരൂദ എഴുതിയിട്ടില്ലാത്ത കവിത നാലുവർഷ ബി എ ഇംഗ്ലീഷ് ഒന്നാം സെമസ്റ്റർ പാഠഭാഗമായി ഉൾക്കൊള്ളിച്ചെന്ന പരാതിയിലും വി.സി ബോർഡ് ഓഫ് സ്റ്റഡീസിനോട് വിശദീകരണം തേടി. ഇംഗ്ലീഷ് യു.ജി ബോർഡ് ഓഫ് സ്റ്റഡീസ് ആണ് ഈ പാഠഭാഗങ്ങൾ സിലബസിൽ ഉൾക്കൊള്ളിക്കാൻ ശിപാർശ ചെയ്തത്.
നേരത്തെ, കാലിക്കറ്റ് സർവകലാശാലയുടെ ബി.എ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ട് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട്, വേടന്റെയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കാൻ വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു.
അതേസമയം, യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നേരിടുകയാണ് റാപ്പര്‍ വേടനിപ്പോൾ. വേടന്‍റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഹൈകോടതി നീട്ടിയിരിക്കുകയാണ്. കേസ് ഇനി പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. തിങ്കളാഴ്ചക്കുള്ളിൽ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകൾ സമർപ്പിക്കാനായി പരാതിക്കാരിയുടെ അഭിഭാഷക കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
ഫേസ്ബുക്ക് പോസ്റ്റുകൾ എപ്പോഴും തെളിവുകളായി സ്വീകരിക്കാൻ കഴിയില്ലെന്ന് വേടന്റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെ കോടതി പറഞ്ഞിരുന്നു. വിവാഹ വാഗ്ദാനം നല്‍കി എന്നത് കൊണ്ട് മാത്രം ബലാത്സംഗക്കുറ്റം നിലനില്‍ക്കണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. പരസ്പരം സ്‌നേഹത്തിലായിരുന്ന സമയത്തുണ്ടായ ലൈംഗികബന്ധം ബലാത്സംഗക്കുറ്റമാകുമോ എന്നായിരുന്നു ഹൈകോടതിയുടെ പ്രധാന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

