വി.സിയുടെ പ്രവേശന വിലക്ക് മറികടന്ന് ‘കേരള’ രജിസ്ട്രാർ ഓഫിസിലെത്തി; തടയാതെ സുരക്ഷാ ഉദ്യോഗസ്ഥർ
text_fieldsരജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുത്ത രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ ഓഫിസിൽ പ്രവേശിച്ചു. രജിസ്ട്രാർക്ക് ഓഫിസിൽ പ്രവേശനം വിലക്കി വൈസ് ചാൻസലറിന്റെ നോട്ടീസുണ്ടായിരുന്നു. റജിസ്ട്രാറുടെ മുറിയില്‍ ആരും കടക്കുന്നത് അനുവദിക്കരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിർദേശവും നൽകിയിരുന്നു. എന്നാൽ, രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞില്ല. തുടർന്ന് അദ്ദേഹം ഓഫിസിൽ പ്രവേശിക്കുകയായിരുന്നു. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് റജിസ്ട്രാര്‍ പറഞ്ഞു. അതേസമയം, റഷ്യയിൽ നിന്ന് തിരിച്ചെത്തിയ വി.സി മോഹനൻ കുന്നുമ്മൽ ഇന്ന് ഓഫിസിലെത്തിയില്ല.
താൽക്കാലിക വി.സി പദവി ഒഴിയുന്നതിന് തൊട്ടുമുമ്പാണ് ഡോ. സിസ തോമസ് ചൊവ്വാഴ്ച രാത്രി രജിസ്ട്രാർക്ക് കാമ്പസിൽ പ്രവേശനം വിലക്കി നോട്ടീസ് നൽകിയത്. എന്നാൽ തന്നെ നിയമിച്ച സിന്‍ഡിക്കേറ്റ് സസ്പെന്ഷന് റദ്ദാക്കിയിട്ടുണ്ടെന്നും തനിക്ക് പദവിയില്‍ തുടരാന്‍ നിയപരമായി തടസ്സമില്ലെന്നും വ്യക്തമാക്കി രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ നോട്ടീസിനു മറുപടി നൽകുകയും ചെയ്തു.
നേരത്തെ രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്നും അതിനാൽ ഫയലുകൾ രജിസ്ട്രാർക്ക് അയക്കേണ്ടതില്ലെന്നും ജോയന്റ് രജിസ്ട്രാർമാർക്ക് വി.സി നിർദേശം നൽകിയിരുന്നു. അതിന് പിന്നാലെയാണ് കാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. രാജ്ഭവൻ നിർദേശ പ്രകാരമാണ് രജിസ്ട്രാർ കാമ്പസിൽ പ്രവേശിക്കുന്നത് വിലക്കി വി.സി കത്ത് നൽകിയത്. ബുധനാഴ്ച രജിസ്ട്രാർ സർവകലാശാലയിലെത്തിയിരുന്നില്ല. ആരോഗ്യപ്രശ്നമുള്ളതിനാലാണ് ഹാജരാവാതിരുന്നതെന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം.
ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി രജിസ്ട്രാർ അനിൽകുമാർ നൽകിയ അവധി അപേക്ഷ വൈസ്ചാൻസലർ തള്ളിയിരുന്നു. അവധി അപേക്ഷ തള്ളിയുള്ള വി.സിയുടെ മറുപടിക്ക് വൈകാതെ തന്നെ അനിൽകുമാർ മറുപടിയും നൽകി. തന്റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയതാണെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി. സസ്പെൻഷൻ പരിശോധിക്കേണ്ടത് സിൻഡിക്കേറ്റാണ്. ഹൈകോടതിയും ഉചിതമായ ഫോറം പരിശോധിക്കാനാണ് നിർദേശിച്ചത്. അവധി അപേക്ഷ നൽകിയത് അനിശ്ചിതകാലത്തേക്ക് അല്ലെന്നും റജിസ്ട്രാർ രണ്ടാമത്തെ ഇ-മെയിലിൽ വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

