‘കുഴിമാടത്തിലായാലും സമ്മർദത്തിന് വഴങ്ങില്ല, ന്യായാധിപന്‍റെ സൽപ്പേരിനെയും കോടതിയെയും കളങ്കപ്പെടുത്തുന്നു’; സി.പി.എം മുൻ എം.എൽ.എക്കെതിരെ ഹൈകോടതി
text_fieldsകൊച്ചി: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട കോടതി ഉത്തരവിന് പിന്നാലെ സിൻഡിക്കേറ്റംഗവും മുൻ എം.എൽ.എയുമായ ആർ. രാജേഷ് ഫേസ്ബുക്ക് പോസ്റ്റിട്ടതിൽ രൂക്ഷ വിമർശനവുമായി ഹൈകോടതി. ‘ഹൈകോടതിയിൽ ഇരിക്കുന്നത് നീതിദേവതയാണ്, കാവിക്കൊടിയേന്തിയ സ്ത്രീയല്ല’ എന്ന തലക്കെട്ടിൽ രാജേഷ് ഇട്ട എഫ്.ബി പോസ്റ്റിനെയാണ് ജസ്റ്റിസ് ഡി.കെ. സിങ് വിമർശിച്ചത്. ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന്‍റെ പേരിൽ സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈകോടതി തീരുമാനിച്ചു.
ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിയുടെ നടപടി ന്യായാധിപന്റെ സൽപ്പേരിനെയും കോടതിയേയുമാണ് കളങ്കപ്പെടുത്തുന്നതെന്ന് ജസ്റ്റിസ് ഡി.കെ. സിങ് കോടതിയിൽ വ്യക്തമാക്കി. സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട രാജേഷിന്റെ ഹരജി കോടതിയുടെ പരിഗണനയിലുണ്ട്. ഇത് വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
ഇതിന്റെ പേരിൽ സമ്മർദം ചെലുത്താനുള്ള ശ്രമമായി കാണേണ്ടിവരും. ഇത് അംഗീകരിക്കാനാവില്ല. തന്നെ ഭയപ്പെടുത്താനോ സമ്മർദത്തിലാക്കാനോ ആരും നോക്കേണ്ട. താൻ കുഴിമാടത്തിലായ ശേഷമേ അതിന് കഴിയൂവെന്ന് അയാളോട് പറയണം. ഉത്തർപ്രദേശിലായിരുന്നപ്പോൾ പലരേയും ശരിയായ വഴിയിലൂടെ നയിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ഡി.കെ. സിങ് വ്യക്തമാക്കി.
അതേസമയം, കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്‍റെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് നടപടിയിൽ ഹൈകോടതി ഇടപെട്ടില്ല. അതിനിടെ, വൈസ് ചാൻസലറുടെ സസ്പെഷൻ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജി രജിസ്ട്രാർ പിൻവലിച്ചു. വി.സിയുടെ സസ്പെൻഷൻ ഉത്തരവ് സിൻഡിക്കേറ്റ് റദ്ദാക്കിയതിനാൽ ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്ന ആവശ്യം ജസ്റ്റിസ് ഡി.കെ. സിങ് അനുവദിക്കുകയായിരുന്നു.
ഹരജി പിൻവലിക്കുന്നതിൽ വിസിയുടെ ചുമതല വഹിക്കുന്ന ഡോ. സിസ തോമസ് എതിർപ്പ് അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. സസ്പെൻഷൻ പിൻവലിച്ച സിൻഡിക്കേറ്റ് തീരുമാനം അംഗീകരിക്കുന്നില്ലെന്ന നിലപാടാണ് വി.സി സ്വീകരിച്ചത്. എന്നാൽ, സിൻഡിക്കേറ്റ് തീരുമാനത്തെ ചാൻസലർ അടക്കം ഉചിതമായ അധികാരി മുമ്പാകെ ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കി ഈ ആവശ്യം തള്ളുകയായിരുന്നു.
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വേദിയിൽ സ്ഥാപിച്ചതിനെ തുടർന്ന് ജൂൺ 26ന് സർവകലാശാല സെനറ്റ് ഹാളിൽ ചാൻസലറായ ഗവർണർ പങ്കെടുക്കേണ്ട ചടങ്ങ് റദ്ദാക്കാൻ രജിസ്ട്രാർ നിർദേശിച്ചിരുന്നു. ചിത്രം നീക്കാൻ സംഘാടകർ തയാറാകാത്തതിനെ തുടർന്ന് പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചു. എന്നാൽ, ഗവർണർ പങ്കെടുക്കുന്ന ചടങ്ങ് തന്‍റെ അറിവില്ലാതെ റദ്ദാക്കാൻ ശ്രമിച്ചുവെന്നതിന്‍റെ പേരിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു.
ഇത് ചോദ്യം ചെയ്താണ് രജിസ്ട്രാർ അടിയന്തര ഹരജി നൽകിയത്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വി.സിക്ക് അധികാരമുണ്ടെന്നും ഈ ഉത്തരവിൽ തീരുമാനമെടുക്കേണ്ടത് സിൻഡിക്കേറ്റാണെന്നുമായിരുന്നു ഹൈകോടതി അന്ന് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഞായറാഴ്ച സിൻഡിക്കേറ്റ് ചേർന്ന് വി.സിയുടെ സസ്പെൻഷൻ ഉത്തരവ് റദ്ദാക്കിയത്. തുടർന്നാണ് ഹരജി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

