‘ക്രിമിനൽ കേസ് പ്രതികൾക്ക് അഡ്മിഷനില്ല,’ സർക്കുലറുമായി കേരള സർവകലാശാല വി.സി, പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ
text_fieldsതിരുവനന്തപുരം: കേരളസർവകലാശാലയിൽ പ്രവേശനം നേടുന്നവർ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്ന സത്യവാങ്മൂലം നൽകണമെന്ന തീരുമാനവുമായി വി.സി. ഇതുസംബന്ധിച്ച് കോളജുകൾക്ക് വി.സി മോഹൻ കുന്നുമ്മൽ സർക്കുലർ അയച്ചിട്ടുണ്ട്.
പ്രവേശനം നേടുന്നവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണം. സത്യവാങ്മൂലം ലംഘിച്ചതായി കണ്ടെത്തിയാൽ കോളേജ് കൗൺസിലിന് നടപടി എടുക്കാം.
കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനൽ കേസുകളിൽ പ്രതികളാണോ? സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടോ? എന്നിങ്ങനെ നാല് ചോദ്യങ്ങളാണ് സത്യവാങ്മൂലത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചോദ്യങ്ങൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ മറുപടി നൽകണം.
അതേ സമയം, കേരള സർവകലാശാല വി.സിയുടെ നടപടിയിൽ പ്രതിഷേധമറിയിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. ചരിത്ര നിഷേധ ഉത്തരവുകൾ പൊതുജനങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു. വൈസ് ചാൻസലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി.എസ് സഞ്ജീവ് കുറിപ്പിൽ പറഞ്ഞു.
വാര്‍ത്തകളില്‍ ഇടം നേടുന്നതിനായി വളരെ വിചിത്രമായവാദമാണ് വി.സി നടത്തുന്നതെന്നും ഭരണഘടനാ വിരുദ്ധ നിലപാട് യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. വിചിത്ര ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണം. ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കലല്ല വൈസ് ചാന്‍സിലറുടെ ചുമതലയെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

