സുരക്ഷാഭീഷണിയുണ്ടെന്ന ഹരജി : കേരള സർവകലാശാല ബി.ജെ.പി സിൻഡിക്കേറ്റംഗത്തിന് ഹൈകോടതിയിൽ തിരിച്ചടി
text_fieldsകൊച്ചി: കേരള സർവകലാശാലയിലെ സുരക്ഷാപ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ സിൻഡിക്കേറ്റിലെ ബി.ജെ.പി അംഗത്തിന് ഹൈകോടതിയിൽ തിരിച്ചടി. സർവകലാശാലയിൽ വരാൻ സുരക്ഷാഭീഷണിയുണ്ടെന്നായിരുന്നു ഹരജിയിലെ ആരോപണം. എന്ത് ശാരീരിക ഭീഷണിയാണ് സിൻഡിക്കേറ്റംഗം നേരിട്ടതെന്നും ആരെങ്കിലും യൂനിവേഴ്സിറ്റിയിൽ പ്രവേശിക്കുന്നത് തടഞ്ഞോയെന്നും കോടതി ചോദിച്ചു.
കാമ്പസിൽ പ്രവേശിക്കരുതെന്ന് ആരെങ്കിലും പറഞ്ഞോ? പ്രവേശിച്ചാൽ കൊന്നുകളയുമെന്ന് ആരെങ്കിലും പറഞ്ഞോ? ഉണ്ടെങ്കിൽ ആര്, എപ്പോൾ, എങ്ങനെ പറഞ്ഞു എന്നത് സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടു. ഹരജി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി.
അതേസമയം, കേരള സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഒപ്പുകാത്തുകിടക്കുന്നത് 1500ലധികം ബിരുദ സർട്ടിഫിക്കറ്റുകളാണ്. വി.സി ഡോ. മോഹനൻ കുന്നുമ്മൽ സർവകലാശാലയിൽ എത്തിയിട്ട് 15 ദിവസം പിന്നിടുകയാണ്. പരീക്ഷ വിഭാഗത്തിൽനിന്ന് ഹോളോഗ്രാം മുദ്രണം ഉൾപ്പെടെ പൂർത്തിയാക്കിയ ബിരുദ സർട്ടിഫിക്കറ്റുകൾ ഒപ്പിടാനായി വി.സിയുടെ ഓഫിസിലേക്കാണ് അയക്കുക. എസ്.എഫ്.ഐയുടെ സമരഭീഷണി നിലനിൽക്കുന്നതിനാൽ വി.സി ഓഫിസിലെത്തുന്നില്ല.
ജോലി, ഉപരിപഠനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ബിരുദ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിച്ചവർ ഉൾപ്പെടെയാണ് രണ്ടാഴ്ചയിലേറെയായി കാത്തുനിൽക്കുന്നത്. വി.സി ഒപ്പിടേണ്ട മറ്റു പല ഫയലുകളും കെട്ടിക്കിടക്കുകയാണ്. നേരത്തെ ഭാരതാംബ ചിത്രവിവാദത്തിൽ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിച്ച് സസ്പെൻഡ് ചെയ്ത് വി.സി വിദേശത്തേക്ക് പോയതായിരുന്നു.
പിന്നാലെയാണ് ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സിസ തോമസിന് കേരള വി.സിയുടെ ചുമതല നൽകി ഗവർണർ ഉത്തരവിട്ടത്. കഴിഞ്ഞ ഏഴ് വരെയായിരുന്നു ചുമതല. എട്ടിന് വി.സി ഡോ. മോഹനൻ കുന്നുമ്മൽ മടങ്ങിയെത്തി. എന്നാൽ, വി.സി കാമ്പസിൽ എത്തിയാൽ മാത്രമേ ബിരുദ സർട്ടിഫിക്കറ്റുകൾ ഒപ്പിടാനാകൂ.
സർവകലാശാല സെനറ്റ് ഹാളിൽ സ്ഥാപിച്ച ഭാരതാംബ ചിത്രം മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വി.സിയും രാജ്ഭവനും ചേർന്ന് സൃഷ്ടിച്ച പ്രതിസന്ധിയാണ് സർവകലാശാലയെ ഭരണ പ്രതിസന്ധിയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

