മീഡിയവണിന് സംപ്രേക്ഷണ വിലക്ക്; ഒന്നിച്ചെതിർത്ത് കേരളം
text_fieldsമീഡിയവണിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കോഴിക്കോട് മാധ്യമ പ്രവർത്തകർ നടത്തിയ പ്രതിഷേധം
കോഴിക്കോട്: മീഡിയവണിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയതിനെ ഒന്നിച്ചെതിർത്ത് കേരളം. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തെ എതിർത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സാമൂഹികപ്രവര്‍ത്തകരും കലാകാരന്മാരുമെല്ലാം രംഗത്തെത്തി. മീഡിയവണിന് വ്യാപക പിന്തുണയാണ് സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
മീഡിയവണിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കാസർകോട് മാധ്യമ പ്രവർത്തകർ നടത്തിയ പ്രതിഷേധം
കേരള പത്രപ്രവർത്തക യൂനിയന്റെ ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പത്രപ്രവർത്തക യൂനിയൻ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനത്തിൽ മീഡിയവൺ നിരോധനത്തിനെതിരായ പ്രതിഷേധമുയർന്നു. തുടർന്ന് നടന്ന പ്രതിഷേധം സംഗമം തുറമുഖ, പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ഏകാധിപത്യം വളരുന്നതിന്റെ സൂചനയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, മീഡിയവൺ എക്‌സിക്യുട്ടീവ് എഡിറ്റർ പി.ടി. നാസർ, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ്. രാകേഷ് എന്നിവർ സംസാരിച്ചു.
മീഡിയവണിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ആലപ്പുഴയിൽ മാധ്യമ പ്രവർത്തകർ നടത്തിയ പ്രതിഷേധം കളർകോട് ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ, വയനാട്, കാസർകോട്, ഇടുക്കി എന്നിവിടങ്ങളിലും മാധ്യമ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പത്രപ്രവർത്തക യൂനിയൻ ആലപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധം മുതിർന്ന മാധ്യമ പ്രവർത്തകൻ കളർകോട് ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഇടുക്കിയിൽ പ്രസിഡൻറ് എം.എൻ. സുരേഷും കാസർകോട് പ്രസിഡൻറ് മുഹമ്മദ് ഹാഷിം എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നൽകി. വ്യക്തമായ കാരണം കാണിക്കാതെ മീഡിയവണിനെ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് കെ.യു.ഡബ്ല്യു.ജെ മിഡിൽ ഈസ്റ്റ് ഘടകം അഭിപ്രായപ്പെട്ടു
മീഡിയവണിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ വയനാട്ടിൽ മാധ്യമ പ്രവർത്തകർ നടത്തിയ പ്രതിഷേധം
കണ്ണൂർ പൗരാവലി ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച മാധ്യമ സ്വാതന്ത്ര്യ ഐക്യദാർഢ്യ സദസിൽ കെ.വി. സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്,യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി എന്നിവർ പങ്കെടുത്തു. പാലക്കാട് സ്റ്റേഡിയം പരിസരത്ത് നടന്ന ബഹുജന സംഗമം മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ പൗരാവലിയുടെ ബഹുജന പ്രതിഷേധ സംഗമം ഇന്ന് രാത്രി ഏഴിന് പെരുമ്പാവൂർ ഗാന്ധി സ്ക്വയറിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

