100 കി.ഗ്രാമിന് മുകളിലുള്ള ചരക്കുകൾക്ക് കി.ഗ്രാമിന് 2.50 മുതൽ...; സാധാരണക്കാർക്ക് താങ്ങായി കെഎസ്ആർടിസി കാർഗോ സർവീസ്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസി നടത്തുന്ന കാർഗോ സർവീസ് വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്നു. സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിലുള്ള നിരക്കുകൾ ലഭ്യമാക്കുന്നതിനാൽ മറ്റ് സ്വകാര്യ കാർഗോ സർവീസുകളെ അപേക്ഷിച്ച് കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് താൽപ്പര്യം കൂടുന്നതായി കണക്കുകൾ. 2020ൽ അന്നത്തെ സർക്കാറിന്റെ കീഴിൽ ഗതാഗത വകുപ്പാണ് കെഎസ്ആർടിസിയിൽ കാർഗോ സർവീസ് ആരംഭിച്ചത്. അന്ന് മുൻമുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് നടത്തിയ സർവീസ് പിന്നീട് പല കാരണങ്ങളാൽ മുടങ്ങിയെങ്കിലും വി.ഡി. സതീശൻ സർക്കാറിന്റെ നേതൃത്വത്തിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണാണ് പദ്ധതി വീണ്ടും പുനരാവിഷ്‌ക്കരിച്ചത്.
'ഏറ്റവും കുറഞ്ഞ ചെലവ്… ഏറ്റവും വേഗത്തിലുള്ള ഡെലിവറി' എന്ന മോട്ടോയോടെ ആരംഭിച്ച സർവീസ് വ്യക്തികൾക്കും വ്യാപാരികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നായി മാറിക്കഴിഞ്ഞു, കുറഞ്ഞ നിരക്കിൽ ഏറ്റവും വേഗത്തിലുള്ള ചരക്കുനീക്കത്തിനുള്ള വിശ്വസ്തമായ യാത്രാമാർഗമാണ് ഇപ്പോൾ കെഎസ്ആർടിസി കാർഗോ സർവീസ്.
വെറും 50 മുതൽ കെഎസ്ആർടിസിയുടെ കാർഗോ സേവനം ലഭ്യമാണ്. ദൂരത്തിനും ഭാരത്തിനും അനുസരിച്ചുള്ള നിരക്കുകളിൽ മാറ്റങ്ങൾ വരും. കൂടാതെ, ബൾക്ക് കാർഗോക്ക് പ്രത്യേക നിരക്കുകൾ കെഎസ്ആർടിസി നിശ്ചയിച്ചിട്ടുണ്ട്. 100 കിലോഗ്രാമിന് മുകളിലുള്ള ചരക്കുകൾക്ക് കിലോഗ്രാമിന് 2.50 മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്.
ഡൽഹിയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലെത്തിച്ച ഒരു ടൺ മൊബൈൽ ഫോണാണ് ആദ്യ സർവീസായി കെ.എസ്.ആർ.ടി.സി വാടകക്ക് എടുത്ത ട്രക്കിൽ ആലുവയിലേക്ക് കയറ്റി അയച്ചത്. തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി കോർപറേഷൻറെ ചരിത്രത്തിലെ വലിയ ചുവടുവെയ്പ്പാണെന്നാണ് മന്ത്രി പറഞ്ഞത്.

