കേരളത്തിൽനിന്ന് ടയറുമായി പോയ ട്രക്ക് ധർമപുരിയിൽ റാഞ്ചി
text_fieldsകോയമ്പത്തൂർ: പുതിയ ടയറുകൾ കയറ്റിയ ട്രക്ക് ധർമപുരി ടോൾപ്ലാസക്ക് സമീപം അഞ്ചംഗ സംഘം റാഞ്ചി. ട്രക്ക് ഡ്രൈവർ ഉത്തർപ്രദേശ് സ്വദേശി ആർ. ജിയാൻസിങ്ങിനെ (42) അക്രമിച്ചാണ് ട്രക്ക് കൈക്കലാക്കിയത്. ചാലക്കുടി അപ്പോളോ ടയേഴ്സിൽനിന്ന് ഗുജറാത്തിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അയച്ച ടയറുകളാണ് ട്രക്കിലുണ്ടായിരുന്നത്. ഇതിന് പത്ത് ലക്ഷം രൂപ വില വരും.
ഞായറാഴ്ച പുലർച്ച കാറിലെത്തിയ അക്രമികൾ ധർമപുരി ടോൾപ്ലാസയുടെ 500 മീറ്റർ അകലെ സർവിസ് റോഡിൽനിർത്തിയിട്ട ട്രക്കിലേക്ക് കയറുകയായിരുന്നു. കാബിനിൽ കയറിയ രണ്ടുപേർ ജിയാൻസിങ്ങിെൻറ കൈക്ക് കുത്തിപ്പരിക്കേൽപിച്ചു. തുടർന്ന് കൈകാലുകൾ കൂട്ടിക്കെട്ടി കാറിൽ കയറ്റിക്കൊണ്ടുപോയി. സംഘത്തിലെ മറ്റുചിലർ ട്രക്കുമായി സ്ഥലംവിട്ടു.
പെന്നാകരം നഗരാതിർത്തിയിൽ ട്രക്ക് ഡ്രൈവറുടെ പക്കലുണ്ടായിരുന്ന 2,500 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത് കാറിൽനിന്ന് തള്ളിയിട്ടു. അതുവഴി വന്നവരാണ് ജിയാൻസിങ്ങിനെ രക്ഷിച്ച് ധർമപുരി ടൗൺ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
തുടർന്ന് ധർമപുരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൃഷ്ണഗിരി ടോൾപ്ലാസ കടന്നുപോയ ട്രക്ക് കണ്ടെത്താൻ പ്രത്യേക പൊലീസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്.
