ദുരന്ത പ്രതിരോധം: രാജ്യത്തിന് മാതൃകയാകും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: രാജ്യത്തിന് തന്നെ മാതൃകയായ ദുരന്ത പ്രതിരോധ സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിന്റെ ഭാഗമായി കാലാവസ്ഥ പ്രവചനത്തിനും മുന്നറിയിപ്പ് സംവിധാനത്തിനും ഏറ്റവും ആധുനിക സങ്കേതങ്ങൾ നടപ്പാക്കും.
അപകട/ പ്രളയ സാധ്യത മേഖലകളിലെല്ലാം ഫ്ലഡ് മാപ്പിങ് നടത്തും. ഡാം മാനേജ്മെന്റിന് ഏറ്റവും ആധുനിക സംവിധാനം നടപ്പാക്കും. ഡാമിലേക്കുള്ള വെള്ളത്തിന്റെ വരവ്, പുറത്തേക്കുള്ള ഒഴുക്ക്, വൃഷ്ടി പ്രദേശത്തെ മഴയുടെ അളവ്, അവിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യത, നദീതടങ്ങളിലെ ജലനിരപ്പ്, അവിടങ്ങളിലെ മഴ സാധ്യത എന്നീ കാര്യങ്ങൾ ബന്ധപ്പെടുത്തിയാണ് അണക്കെട്ട് തുറക്കുന്നത് ഉൾപ്പെടെയുള്ള ഡാം മാനേജ്മെന്റ് നടപ്പാക്കേണ്ടത്. എ.ഐ അധിഷ്ഠിതമായ ഫലപ്രദമായ ഡാം മാനേജ്മെന്റ് സംവിധാനമാണ് നടപ്പാക്കുക.
അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഓഖിക്ക് ശേഷം അറബിക്കടലിൽ ഉൾപ്പെടെ വലിയ മാറ്റമുണ്ടായതിനാൽ കേരളം ശ്രദ്ധ വേണ്ട പ്രദേശമായി. ഇതെല്ലാം വിലയിരുത്തിയുള്ള ശാസ്ത്രീയ സംവിധാനമാണ് നടപ്പാക്കുക. ഇക്കാര്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള നയവും പ്രഖ്യാപിക്കും. ദുരന്തനിവാരണ അതോറിറ്റി സംവിധാനം ഏറ്റവും ആധുനികവത്കരിക്കും. മികച്ച ടീം അതിനായി പ്രവർത്തിക്കും. പ്രഗത്ഭരായ ഒരുപാട് പേർ അതിന് സന്നദ്ധരായി വന്നിട്ടുണ്ട്. കാലാവസ്ഥ പ്രവചനത്തിൽ ഉൾപ്പെടെ കൃത്യതയും വ്യക്തതയുമുള്ളവർ ഉണ്ട്. ഒഡിഷ പോലുള്ള സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഒരുപാട് മുന്നോട്ടുപോയി.
നമുക്ക് മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സർക്കാർ ചെയ്യാത്തതിനെ കുറ്റപ്പെടുത്തുകയല്ല ഇപ്പോൾ ചെയ്യേണ്ടത്. കാലാവസ്ഥയിലുണ്ടായ മാറ്റത്തിനനുസരിച്ച് കേരളം തയാറെടുപ്പ് നടത്തണം.
പുഴകളുടെ ഭൂമി കൈയേറിയിട്ടുണ്ട്. അതിനായി പുഴകളുടെ ഭൂമി ഓഡിറ്റ് ചെയ്യും. പുഴയിലേക്ക് വെള്ളം വരുന്ന തോടുകളിലും കനാലുകളിലും തടാകങ്ങളിലും പരിശോധനയുണ്ടാകും. സർക്കാർ ആസ്തികളുടെ രജിസ്ട്രി തയാറാക്കുന്നതിൽ പുഴകളും തോടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുഴയെ പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

