മനുഷ്യ-വന്യജീവി സംഘർഷം: വനം വകുപ്പ് ശാസ്ത്രീയ പഠനത്തിന്
text_fieldsതൊടുപുഴ: മനുഷ്യ- വന്യമൃഗ സംഘർഷം വർധിച്ച സാഹചര്യത്തിൽ വന്യജീവികളുടെ എണ്ണം വനവിസ്തൃതിയിലും കൂടുതലാണോ എന്നറിയാൻ വനം വകുപ്പ് ശാസ്ത്രീയ പഠനത്തിനൊരുങ്ങുന്നു. കേരളത്തിലെ കാടുകളിലെ വന്യജീവികളുടെ വാഹക ശേഷി സംബന്ധിച്ച് ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാകും പഠനം.
വന്യജീവി സംഘർഷം കുറക്കാൻ നടത്തുന്ന നടപടികൾ ഫലപ്രാപ്തിയിലെത്താത്ത സാഹചര്യമാണുള്ളതെന്നാണ് വനം വകുപ്പിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് ഏഴ് പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
21,15,615 രൂപയുടെ കൃഷി നാശം സംഭവിച്ചു. വന്യജീവി ആക്രമണം കുറക്കാൻ ജനപങ്കാളിത്തവും ആധുനിക സാങ്കേതിക വിദ്യയും ഏകോപിപ്പിച്ച് വനം വകുപ്പ് വിഷൻ 2031 എന്ന ദീർഘ കാല നയ രേഖ തയാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരികയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
അതീവ സംരക്ഷണ പ്രാധാന്യമുള്ളതും വംശനാശ ഭീഷണി നേരിടുന്നതുമായ വന്യമൃഗങ്ങളായ കടുവ, കാട്ടാന, വരയാട്, കഴുകൻ എന്നിവയുടെ കണക്കെടുപ്പ് നിശ്ചിത ഇടവേളകളിൽ കേരളത്തിലെ വനപ്രദേശങ്ങളിൽ നടന്നുവരുന്നുണ്ട്. ദേശീയ കടുവ സംരക്ഷണ സമിതിയുടെ മാർഗനിർദേശങ്ങൾ പ്രകാരം കടുവകളുടെ കണക്കെടുപ്പ് നാല് വർഷത്തിലൊരിക്കലാണ് നടത്തുന്നത്. അവസാനമായി 2022 ലാണ് കടുവകളുടെ കണക്കെടുപ്പ് പൂർത്തിയാക്കിയത്. ഇതുപ്രകാരം സംസ്ഥാനത്ത് 213 കടുവകളാണുള്ളത്.
2026 ലെ കണക്കെടുപ്പ് പ്രവൃത്തികൾ പുരോഗമിച്ചു വരുന്നു. 2024 ൽ നടത്തിയ കാട്ടാന കണക്കെടുപ്പിൽ (ബ്ലോക്ക് കൗണ്ട് രീതി) സംസ്ഥാനത്ത് 1,793 കാട്ടാനകളാണുള്ളത്. 2025 ലെ കണക്കനുസരിച്ച് 1365 വരയാടുകളാണുള്ളത്. ഇതിൽ 841 എണ്ണവും ഇരവികുളം ദേശീയോദ്യാനത്തിലാണ്.
വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരുടെ കണക്കെടുപ്പ് 2023, 2025 വർഷങ്ങളിൽ വയനാട് വന്യജീവി സങ്കേതത്തിൽ നടത്തിയിട്ടുണ്ട്. 2025 ലെ കണക്കനുസരിച്ച് വയനാട് വന്യജീവി സങ്കേതത്തിൽ 379 കഴുകന്മാരെ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

