വ്യവസായ മുന്നേറ്റത്തിന് കരുത്തേകാൻ പുതുനീക്കം
text_fieldsപി. രാജീവ്
തിരുവനന്തപുരം: കേരള കയറ്റുമതി പ്രോത്സാഹന നയം, ലോജിസ്റ്റിക്സ് നയം, ഹൈടെക് ഫ്രെയിംവർക്ക്, ഇ.എസ്.ജി നയം എന്നിങ്ങനെ സംസ്ഥാനത്തിന്റെ വ്യവസായ മുന്നേറ്റത്തിന് കൂടുതൽ കരുത്തുപകരുന്ന വ്യത്യസ്ത മേഖലകളെ സമഗ്രമായി ഉൾക്കൊള്ളുന്ന നാല് ഉപമേഖലാ നയങ്ങള്‍ പ്രഖ്യാപിച്ച് വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാനത്തിന്റെ നിക്ഷേപക സൗഹൃദ വ്യാവസായിക അന്തരീക്ഷത്തെ പുതിയ നയങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇ.എസ്.ജി നയം രാജ്യത്താദ്യം
ഉത്തരവാദിത്ത, സുസ്ഥിര വ്യവസായ വികസനത്തിൽ ഊന്നുന്ന ഇ.എസ്.ജി നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പരിസ്ഥിതിക്ക് ഇണങ്ങുന്നതടക്കമുള്ള ഇ.എസ്.ജി തത്വങ്ങൾ നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവ്, സബ്സിഡികൾ, വായ്പ ഇളവുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, ഡി.പി.ആർ പിന്തുണ എന്നിവ ഉറപ്പാക്കും. ഇ.എസ്.ജി പദ്ധതികൾക്ക് അഞ്ചുവർഷംകൊണ്ട് മൂലധന നിക്ഷേപത്തിന്റെ 100 ശതമാനം മടക്കിനൽകും.
കയറ്റുമതി പ്രോത്സാഹന നയം
കയറ്റുമതി ക്രമാനുഗതമായി വർധിപ്പിക്കുന്നതിലും കേരളത്തിന്റെ വ്യവസായങ്ങളെ ആഗോളപരമായി സംയോജിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കയറ്റുമതി പ്രോത്സാഹന നയം. 2027-28ല്‍ കയറ്റുമതി 20 ബില്യൺ ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ, ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ കയറ്റുമതി കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് നയത്തിന്റെ ലക്ഷ്യം.
കേരളം ലോജിസ്റ്റിക്സ് ഹബ്ബാകും
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൂടി ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്സ് ഹബ്ബാക്കും. സംസ്ഥാനത്ത് ലോജിസ്റ്റിക്സ് പാര്‍ക്കുകളുടെ ശൃംഖല സൃഷ്ടിക്കും. ലോജിസ്റ്റിക്സ് ചെലവ് ജി.എസ്.ഡി.പിയുടെ 10 ശതമാനത്തില്‍ താഴെയാക്കും.
കേരള ഹൈടെക് ഫ്രെയിംവർക്ക് 2025
സാങ്കേതികവിദ്യ, ഗവേഷണ വികസനം, ബൗദ്ധിക സ്വത്തവകാശം എന്നിവയിൽ ഊന്നിയുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായവത്രണത്തിലേക്ക് മാറുകയെന്നതാണ് കേരള ഹൈടെക് ഫ്രെയിംവർക്ക് നയത്തിന്റെ ലക്ഷ്യം. സെമികണ്ടക്ടറുകൾ, ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്, ബയോടെക്നോളജി, ലൈഫ് സയൻസസ്, എയ്റോസ്പേസ്, ഡിഫൻസ്, മെഡിക്കൽ ഉപകരണങ്ങൾ, റോബോട്ടിക്സ്, നാനോ ടെക്നോളജി, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ എന്നിവയുൾപ്പെടെ ആഗോള വളർച്ചാസാധ്യതയുള്ള മേഖലകളെ നയം പ്രത്യേകമായി പരിഗണിക്കുന്നു.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി പി. വിഷ്ണുരാജ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കെ-ബിപ്പ് സി.ഇ.ഒ എസ്. സൂരജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

