പകർച്ചവ്യാധി നേരിടാൻ കേരളം; എല്ലാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷൻ വാർഡുകൾ
text_fieldsതിരുവനന്തപുരം: കോവിഡ് അടക്കമുള്ള പകർച്ചവ്യാധികളെ നേരിടാൻ കേരളം പൂർണസജ്ജമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ നിയമസഭ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷൻ വാർഡുകൾ ഒരുങ്ങുന്നു. 90 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തിൽ ഇവ നിർമിക്കുന്നത്. ഇതിൽ 10 ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകൾ പ്രവർത്തനം തുടങ്ങി.
ഓരോ നിയമസഭ മണ്ഡലത്തിലെയും ഒരു ആശുപത്രിയിൽ 2400 ചതുരശ്ര അടി വിസ്തീർണമുള്ള ഐസൊലേഷൻ വാർഡ് സജ്ജീകരിക്കും. ഓരോ വാർഡിലും 10 കിടക്കകൾ. പേഷ്യന്റ് കെയർ സോൺ, പ്രവേശന ലോബിയോട് കൂടിയ കാത്തിരിപ്പ് കേന്ദ്രം, വിതരണ സ്റ്റോർ, സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, ഡ്രെസിങ് റൂം, നഴ്‌സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജ്യർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ മുറികൾ ഓരോ വാർഡിലുമുണ്ടാകും.
എം.എൽ.എ ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ചാണ് ഐസൊലേഷൻ വാർഡുകൾ നിർമിക്കുന്നത്. 250 കോടി ചെലവിൽ കേരള മെഡിക്കൽ സർവിസസ് കോർപറേഷന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ തിരുവനന്തപുരം പൂവാർ സാമൂഹികാരോഗ്യ കേന്ദ്രം, കൊല്ലം നെടുങ്ങോലം സി.എച്ച്.സി, നെടുമ്പന സി.എച്ച്.സി, തെക്കുംഭാഗം സി.എച്ച്.സി, തൃശൂർ വടക്കാഞ്ചേരി ജില്ല ആശുപത്രി, പഴഞ്ഞി സി.എച്ച്.സി, പഴയന്നൂർ സി.എച്ച്.സി, മലപ്പുറം വളവന്നൂർ സി.എച്ച്.സി, കോഴിക്കോട് ഗവ. മെന്റൽ ഹെൽത്ത് സെന്റർ, ചേവായൂർ ഗവ. ഡെർമറ്റോളജി എന്നിവിടങ്ങളിലാണ് ഇപ്പോൾ ഐസൊലേഷൻ വാർഡുകൾ പ്രവർത്തനസജ്ജമായിരിക്കുന്നത്.
75 എണ്ണത്തിന്റെ നിർമാണം ജനുവരിയിൽ പൂർത്തിയാകും. ആദ്യ ഘട്ടത്തിൽ നിർമാണം പൂർത്തിയായ ആധുനിക ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

