Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിതവേഗക്കാരെ...

അമിതവേഗക്കാരെ പിടിക്കാൻ ദേശീയപാതയിൽ രാവും പകലും പരിശോധന; കേരളം ഇനി ആറ് എൻഫോഴ്സ്മെന്റ് മേഖലകൾ

text_fields
bookmark_border
https://www.madhyamam.com/tags/MVD
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാൻ സംസ്ഥാനത്തെ ദേശീയപാതകളിൽ 24 മണിക്കൂറും എൻഫോഴ്‌സ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റർ വീതമുള്ള ആറ് എൻഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ച് ഓരോന്നിലും പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കുമെന്നും മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു.

റോഡപകടങ്ങളിൽ പ്രധാനകാരണം അമിതവേഗമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. അമിതവേഗം തടയൽ, അപകടങ്ങൾ കുറക്കൽ, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തൽ, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വർധിപ്പിക്കൽ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. ദേശീയപാതകളിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സംഘങ്ങളെ മുഴുവൻ സമയവും വിന്യസിച്ച് നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം അപകടമരണങ്ങൾ കുറക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.

ദേശീയപാതയെ ദക്ഷിണ മേഖല, മധ്യ മേഖല, ഉത്തര മേഖല എന്നിങ്ങനെ ആറ് പ്രവർത്തനകളായി വിഭജിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി ഗതാഗത കമീഷണറുടെ മേൽനോട്ടത്തിൽ രണ്ട് ദക്ഷിണ മേഖലകളും, തൃശൂർ-എറണാകുളം ഡെപ്യൂട്ടി ഗതാഗത കമീഷണർമാരുടെ മേൽനോട്ടത്തിൽ ഓരോ മധ്യമേഖല വീതവും കോഴിക്കോട് ഡെപ്യൂട്ടി ഗതാഗത കമീഷണറുടെ നിയന്ത്രണത്തിൽ രണ്ട് വടക്കൻ മേഖലകളും പ്രവർത്തിക്കും. ഓരോ മേഖലയുടെയും കൃത്യമായ ആരംഭ-അവസാന കിലോമീറ്റർ പരിധി ബന്ധപ്പെട്ട ഡെപ്യൂട്ടി ഗതാഗത കമീഷണർമാർ പ്രത്യേകം നിശ്ചയിക്കും.

ഓരോ മേഖലയിലും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഓഫിസുകൾ, ആർ.ടി.ഒ ഓഫിസുകൾ, സബ് ആർ.ടി.ഒ ഓഫിസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സംഘങ്ങൾക്ക് രൂപംനൽകും. മോട്ടോർ വാഹന ഇൻസ്‌പെക്‌ടർമാർ, അസി. മോട്ടോർ വാഹന ഇൻസ്‌പെക്‌ടർമാർ, ഡ്രൈവർമാർ, ആവശ്യമായ പരിശോധന ഉപകരണങ്ങളുള്ള വകുപ്പ് വാഹനങ്ങൾ എന്നിവ സംഘത്തിന്റെ ഭാഗമാകും.

വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥരെ മാറിമാറി നിയോഗിക്കുകയും പകൽ, വൈകീട്ട്, രാത്രി ഡ്യൂട്ടികൾ തുല്യമായി വിഭജിക്കുകയും ചെയ്യും. ഓഫിസ് പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും സി.പി. ജോൺ പറഞ്ഞു.

അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങൾ, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്‌നസ്, പെർമിറ്റ്, ഇൻഷുറൻസ്, നികുതി ലംഘനങ്ങൾ, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാന മുൻഗണന.

വലിയ അപകടങ്ങൾ ഉണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുകയും അപകടത്തിൽപ്പെട്ടതോ ഗതാഗത തടസ്സം സൃഷ്‌ടിക്കുന്നതോ ആയ വാഹനങ്ങൾ പൊലീസിന്റെയും ദേശീയപാത അതോറിറ്റിയുടെയും സഹായത്തോടെ നീക്കം ചെയ്യുകയും അപകടസാധ്യതയേറിയ ഭാഗങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകുകയും ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു.

ഒരിടത്ത് ദീർഘസമയം പരിശോധന നടത്തുന്നതിനു പകരം ദേശീയപാതയിലൂടെ തുടർച്ചയായി സഞ്ചരിച്ചുകൊണ്ടുള്ള പരിശോധന മാതൃകയാണ് സ്വീകരിക്കുക. വിവിധ സ്ഥലങ്ങളിൽ മിന്നൽ പരിശോധന, ആവശ്യമെങ്കിൽ പൊലീസുമായി സംയുക്ത പരിശോധന, കാമറകളും ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗിച്ചുള്ള സാങ്കേതിക നിരീക്ഷണം, ദേശീയപാത അതോറിറ്റിയുടെ കാമറ ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള നിയമനടപടി, അവധി ദിവസങ്ങളിലും ഉത്സവകാലങ്ങളിലും പ്രത്യേക നിരീക്ഷണം എന്നിവ നടപ്പാക്കും. ഓരോ മേഖലയിലെയും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി ഗതാഗത കമീഷണർമാർ നേരിട്ട് മേൽനോട്ടം വഹിക്കും.

ഉദ്യോഗസ്ഥർ യൂനിഫോമും പ്രതിഫലന സുരക്ഷ ജാക്കറ്റും നിർബന്ധമായും ധരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ലഭ്യമായിടത്ത് ബോഡി കാമറ, വേഗം കണ്ടെത്തുന്ന ഉപകരണങ്ങൾ, ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തണം. രാത്രികാല പരിശോധനയിൽ ഉദ്യോഗസ്ഥരുടെ സുരക്ഷക്ക് പരമപ്രാധാന്യം നൽകണമെന്നും ആവശ്യമായ വാഹനങ്ങളും ആശയവിനിമയ സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും ഡെപ്യൂട്ടി ഗതാഗത കമീഷണർമാർ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayCP Johnvehicle inspectionMVDKerala
News Summary - Kerala Tightens Highway Enforcement
Next Story