കീം പുതിയ റാങ്ക് ലിസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർഥികൾ
text_fieldsസുപ്രീം കോടതി
തിരുവനന്തപുരം: കീമിൽ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാർഥികൾ. ആദ്യം ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നാണ് നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. കീമിലെ നിലവിലെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരാണെന്നും വിദ്യാർഥികൾ പറഞ്ഞു. ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കുന്നത്.
എന്നാൽ സംഭവത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ആവർത്തിച്ചു. കോടതിയിൽ തിരിച്ചടി നേരിട്ടതോടെ ജൂലൈ 10നാണ് പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രിം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
അതേസമയം സർക്കാർ പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 16-ാം തീയതി വരെയാണ് ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.
പുതുക്കിയ കീം ഫലത്തിൽ 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മാറ്റമില്ല. ആദ്യ 100 റാങ്കിൽ സംസ്ഥാന സിലബസിൽ പഠിച്ചവർ 21 പേർ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കിൽ 43 പേർ ഉൾപ്പെട്ടിരുന്നു. പുതുക്കിയ ഫലപ്രകാരം ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം കവഡിയാർ സ്വദേശിയായ ജോഷ്വ ജേക്കബ് തോമസാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

