‘വർഗീയവാദികളുടെ ശ്രദ്ധക്ക്, ഇതാണ് കേരള സ്റ്റോറി’; മതസൗഹാർദത്തിന്റെ ഉത്തമ മാതൃകയെന്നും ശശി തരൂർ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ മദസൗഹാർദത്തിന്റെ ഉത്തമ മാതൃകയെന്ന് വിശേഷിപ്പിച്ച് ശശി തരൂർ. തവനൂർ, കളമശ്ശേരി, കൊച്ചി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ പരാമർശിച്ചാണ് ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘വർഗീയവാദികളുടെ ശ്രദ്ധക്ക്, ഇതാണ് യഥാർഥ കേരള സ്റ്റോറി. മുസ് ലിം ഭൂരിപക്ഷ മണ്ഡലമായ തവനൂരിൽനിന്ന് ക്രിസ്ത്യാനിയായ വി.എസ്. ജോയി തെരഞ്ഞെടുക്കപ്പെട്ടു. ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ കളമശ്ശേരിയിൽനിന്ന് മുസ് ലീമായ വി.ഇ. അബ്ദുൾ ഗഫൂറും ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമായ കൊച്ചിയിൽനിന്ന് മുഹമ്മദ് ഷിയസും തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ നിലനിൽക്കുന്ന ദേശീയ പ്രവണതകളിൽനിന്ന് ചില സ്വാധീനങ്ങൾ കേരളത്തിലും ഉണ്ടായിട്ടും കേരളം ഇന്നും മതസൗഹാർദത്തിന്റെ ഉത്തമ മാതൃകയായി നിലകൊള്ളുന്നു. മനുഷ്യരെ ജാതിക്കും മതത്തിനും ഉപരിയായി മനുഷ്യരായി മാത്രം കാണുന്ന ഒരു സംസ്ഥാനമാണ് കേരളം’ -ശശി തരൂർ കുറിച്ചു.
മണ്ഡലത്തിൽ ഭൂരിപക്ഷമുള്ള സമുദായത്തിൽനിന്ന് മത്സരിച്ചാൽ മാത്രമേ ജയിക്കൂവെന്ന പ്രചാരണങ്ങൾക്കും തിരിച്ചടിയാണ് യു.ഡി.എഫിന്റെ പല മണ്ഡലങ്ങളിലെയും മുന്നേറ്റം. കൊച്ചിയിൽ മുഹമ്മദ് ഷിയാസ്, തവനൂരിൽ വി.എസ്. ജോയി എന്നിവരുടെ ജയം ഇത്തരം തെറ്റായ കണക്കുകൂട്ടലുകളെ മാറ്റിമറിക്കുന്നതായിരുന്നു. തിരുവമ്പാടിയിൽ സി.കെ. കാസിമും സമുദായ സമവാക്യങ്ങളെ തകർത്ത് കുതിക്കുകയായിരുന്നു.
കൊച്ചി നിയമസഭ മണ്ഡലത്തിൽ 45 ശതമാനം വരെ ലത്തീൻ കത്തോലിക്കരാണ്. മത്സരിക്കുന്നതും ജയിക്കുന്നതും ലത്തീൻ സമുദായക്കാർ തന്നെ. ചെല്ലാനം, കുമ്പളങ്ങി എന്നീ തീരദേശ പഞ്ചായത്തുകളിലും ഫോർട്ട് കൊച്ചി പ്രദേശങ്ങളിലും ഈ സമുദായമാണ് കൂടുതൽ. പിന്നെയുള്ളതിൽ കൂടുതൽ ഈഴവരും ധീവരരുമാണ്. മുസ്ലിം സമുദായത്തിന് 18 ശതമാനത്തോളം മാത്രം ജനസംഖ്യ. എന്നാൽ, മതമല്ല ജനാധിപത്യമെന്ന് കൊച്ചിക്കാർ തെളിയിച്ചു. മുസ്ലിം സമുദായാംഗമായ കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിന്റെ ജയം അത്തരമൊരു ‘കേരള സ്റ്റോറി’യാണ് കാണിക്കുന്നത്.
തവനൂരിൽ ജയിച്ച കോൺഗ്രസ് യുവസാരഥി വി.എസ്. ജോയിയുടെ സമുദായക്കാർ വിരലിലെണ്ണാവുന്ന ആളുകൾ പോലുമില്ല. എന്നാൽ, ജാതിമത ഭേദമന്യേ ജോയിയെ സന്തോഷത്തോടെ തവനൂർ ഏറ്റെടുത്തു. ഫലം, കരുത്തനായ കെ.ടി. ജലീൽ തോറ്റമ്പി. ജോയിയെ തിരുവമ്പാടിയിൽ മത്സരിപ്പിക്കാൻ ആദ്യം നീക്കമുണ്ടായിരുന്നു. സമുദായ സമവാക്യത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥി തോൽക്കുമെന്നായിരുന്നു ഭയം. എന്നാൽ, തിരുവമ്പാടിയും മതേതരത്വം ഉയർത്തിപ്പിടിച്ചു. സംഘ്പരിവാറിനൊപ്പമുള്ള ഭൂതകാലം വേട്ടയാടുമെന്ന് തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ പേടിച്ചെങ്കിലും അദ്ദേഹത്തിന്റെ പുതിയ നിലപാടിനൊപ്പമായിരുന്നു വോട്ടർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

