നിറഞ്ഞുതൂവി, സൗഹാർദത്തിന്റെ കേരള സ്റ്റോറി
text_fieldsആറ്റുകാൽ പൊങ്കാലക്കെത്തിയ ഭക്തർ തിരുവനന്തപുരം പാളയം ജുമാമസ്ജിദിൽ നമസ്കാരത്തിന് അംഗശുദ്ധി വരുത്തുന്ന സ്ഥലത്തിന് സമീപം വിശ്രമിക്കുന്നു z വൈ.ആർ. വിപിൻദാസ്
തിരുവനന്തപുരം: പരകോടി പ്രാർഥനകൾക്ക് പൊങ്കാലപുണ്യത്തിൽ പരിസമാപ്തിയാകുമ്പോൾ ആത്മീയ നിർവൃതിക്കൊപ്പം തലസ്ഥാനത്ത് നിറഞ്ഞുതൂകിയത് സൗഹാർദത്തിന്റെ മനോഹര മാതൃകകൾ കൂടിയാണ്.പൊങ്കാലക്കെത്തിയവർക്ക് പന്തലൊരുക്കി പാളയം ജുമാമസ്ജിദും വാതിലുകൾ തുറന്നിട്ട് മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്തും കുടിവെള്ളവും തണലുമൊരുക്കി പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലും തോളോടുതോൾ ചേർന്നപ്പോൾ പിറന്നത് സ്നേഹക്കാഴ്ചകളുടെ കേരള സ്റ്റോറി.തിളച്ചുമറിയുന്ന കുംഭച്ചൂടിൽ അരിയും നെയ്യും വെള്ളവും ശർക്കരയും പ്രാർഥനയിൽ കുതിർത്ത് നിവേദ്യമായി നിറഞ്ഞ് തൂകിയപ്പോൾ ഊഷ്മളമായ സൗഹാർദ നിവേദ്യങ്ങൾ മനസ്സുകളിൽ മായാത്ത അടയാളങ്ങളായി. ഇതെല്ലാം നേരിൽകണ്ട ഗവർണർ രാജേന്ദ്ര ആർലേക്കർ ‘‘ഇതാണ് യാഥാർഥ കേരള സ്റ്റോറി’’ എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം മുതൽ എത്തിയവർക്ക് വിപുലമായ ക്രമീകരണങ്ങളാണ് പാളയം ജുമാമസ്ജിൽ ഒരുക്കിയത്. പതിവായി ഉപയോഗിക്കാറുള്ള കമ്യൂണിറ്റി ഹാളിൽ ഇത്തവണ ഇഫ്താർ ക്രമീകരണങ്ങളായതിനാൽ, പൊങ്കാലക്കെത്തുന്നവർക്ക് പ്രത്യേകപന്തൽ ഒരുക്കി. നിരവധി ഭക്തർ ഇവിടെയാണ് വിശ്രമിച്ചത്. നോമ്പുതുറ വിഭവങ്ങളടക്കം ഇവർക്കും ലഭ്യമാക്കി. കുടിവെള്ളവും ശുചിമുറി സൗകര്യവും ചായയുമെല്ലാം ഇവിടെ പതിവുപോലെ സജ്ജം. റമദാന്റെ സഹാനുഭൂതി സഹോദര സമുദായങ്ങൾക്ക് കൂടി അനുഭവിക്കാനുള്ള സാഹചര്യമുണ്ടാക്കാൻ വേണ്ടികൂടിയാണ് പൊങ്കാലക്ക് സൗകര്യം ചെയ്യണമെന്ന നിർദേശം നൽകിയതെന്നും പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി വ്യക്തമാക്കി.‘‘എല്ലാ സൗകര്യങ്ങളും ഇവർ ഒരുക്കിത്തരും, ഒരു ബുദ്ധിമുട്ടുമില്ല. എല്ലാതവണയും അടുത്തകൊല്ലം കാണാമെന്ന് പറഞ്ഞാണ് പിരിയുന്നത്. അങ്ങനെ 19 വർഷമായി...’’. പത്തനംതിട്ട മല്ലപ്പള്ളി എഴുമറ്റൂരിൽനിന്ന് 19 വർഷമായി എത്തുന്ന വീട്ടമ്മയുടെ വാക്കുകൾ.
മണക്കാട് വലിയപള്ളിയിൽ ഭക്തർക്ക് രാത്രി തങ്ങാനുള്ള സൗകര്യം ക്രമീകരിച്ചിരുന്നു. പൊങ്കാല തയാറെടുപ്പുകൾക്കായി പള്ളി അങ്കണത്തെയാണ് ഇവർ ആശ്രയിച്ചത്. കഞ്ഞിയടക്കം നോമ്പുതുറ വിഭവങ്ങളും കുടിവെള്ളവും ഇവർക്കെല്ലാം ലഭ്യമാക്കി. പാർക്കിങ് സൗകര്യമൊരുക്കാൻ പള്ളിയോട് ചേർന്ന വലിയ ഗ്രൗണ്ട് നേരത്തേതന്നെ കാടുവെട്ടി വൃത്തിയാക്കിയിരുന്നു.പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ രാവിലെ 11നുള്ള ദിവ്യബലി ഒഴിവാക്കി പൊങ്കാലക്കെത്തുന്നവർക്ക് പള്ളി തുറന്നുനൽകി. കുടിവെള്ളത്തിന് പുറമെ 2000 പാക്കറ്റ് സംഭാരം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

