കേന്ദ്രം സഹായിച്ചില്ലെങ്കിലും കേരളം ഒറ്റക്കെട്ടായി നിന്നു- മുഖ്യമന്ത്രി
text_fieldsകൽപറ്റ: 2018ലെ പ്രളയദുരന്തം വരുത്തിയ സാമ്പത്തികാഘാതത്തിൽനിന്ന് മുക്തമാകുന്നതിന് മുമ്പേയാണ് ഉരുൾദുരന്തവുമുണ്ടായതെന്നും കേന്ദ്രം സഹായിച്ചില്ലെങ്കിലും കേരളം ഒറ്റക്കെട്ടോടെ നിന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃകാ ടൗൺഷിപ് പദ്ധതിക്ക് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണക്കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകൾ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ കുട്ടികൾ മുതൽ സാധാരണക്കാരും വൻവ്യവസായികളും പ്രവാസികളും മത-സാമൂഹിക സംഘടനകളും കൈയയച്ചുസഹായിച്ചു.
ഒരുമയോടെയും ഐക്യത്തോടെയും ജനം ഒന്നിച്ചിറങ്ങുകയും ഇച്ഛാശക്തിയുള്ള സർക്കാർ മുന്നിൽനിൽക്കുകയും ചെയ്തതോടെയാണ് എല്ലാം സാധ്യമാകുന്നത്.
64.4 ഹെക്ടറിലുള്ള ടൗൺഷിപ് മാത്രമല്ല. തുടർപദ്ധതികളും സർക്കാർ നടപ്പാക്കും. ഇതുവരെ ദുരിതബാധിതർക്ക് വിവിധവിഭാഗങ്ങളിലായി 25.64 കോടി രൂപയുടെ സഹായങ്ങളാണ് നൽകിയത്.
ഗോത്രവിഭാഗക്കാരായ അഞ്ചുകുടുംബങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന രൂപത്തിലുള്ള പുനരധിവാസം നടപ്പാക്കും. 24 ദിവസങ്ങൾ കൊണ്ട് ക്യാമ്പുകളിൽ നിന്ന് അതിജീവിതരെ വാടകവീടുകളിലേക്ക് മാറ്റി.
തകർന്ന സ്കൂളുകൾ 32ാം ദിവസം മേപ്പാടിയിൽ പ്രവർത്തിപ്പിക്കാനായി. കേരള ബാങ്കിലെ കടങ്ങൾ എഴുതിത്തള്ളി. പൊതുമേഖലാ ബാങ്കുകളിലെ കടങ്ങൾ എഴുതിത്തള്ളാനുള്ള ഇടപെടലുകൾ നടത്തുകയാണ്. ഹൈകോടതിയും ആവശ്യപ്പെടുന്നത് ഇതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

