കലാപൂരത്തിന് നാളെ കൊടിയേറ്റം;15,000 പ്രതിഭകൾ മാറ്റുരക്കും
text_fieldsതൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച തൃശൂരിൽ തിരിതെളിയും. ജനുവരി 14 മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 കലാപ്രതിഭകൾ മാറ്റുരക്കും. ഉദ്ഘാടനം 14ന് രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ പ്രത്യേക പന്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടിമേളവും, 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 വിദ്യാർഥികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും നടക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയർമാൻകൂടിയായ റവന്യൂ മന്ത്രി കെ. രാജൻ സ്വാഗതം പറയും.
‘ഉത്തരവാദിത്ത കലോത്സവം’ എന്നതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യം. ബി.കെ. ഹരിനാരായണനാണ് സ്വാഗതഗാനം ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗതഗാനം അവതരിപ്പിക്കും. തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയിട്ടുള്ളത്.
ഹരിതചട്ടം പാലിച്ചാകും കലോത്സവം നടക്കുക. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി, മന്ത്രിമാരായ ഡോ. ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥികളാകും.
ഡ്രോൺ പറന്നാൽ ചിറകരിയും
തൃശൂർ: കലോത്സവവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട നാലു വേദികൾ സ്ഥിതിചെയ്യുന്ന തേക്കിൻകാട് മൈതാനിയിൽ ദൃശ്യങ്ങൾ പകർത്താൽ ഡ്രോണുകൾ പറത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു. സ്വരാജ് റൗണ്ടിലെ റോഡിൽ ഡ്രോൺ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, വടക്കുംനാഥൻ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയാൽ നടപടിയുണ്ടാകും. തേക്കിൻകാട് മൈതാനിയിൽ ഡ്രോൺ ഉപയോഗിക്കുന്നതിന് ഹൈകോടതി വിലക്കുള്ളതാണ്. അംഗീകൃത മാധ്യമങ്ങളോ യൂട്യൂബർമാരോ ഇവിടങ്ങളിൽ ഡ്രോൺ പറത്താൻ പാടില്ല. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ അപ്പോൾതന്നെ ഡ്രോണുകൾ പിടിച്ചെടുക്കുമെന്നും കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

