വ്യത്യസ്ത ആശയങ്ങൾ, കഴിവുകൾ; സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഞെട്ടിച്ച് വിദ്യാർഥികൾ
text_fieldsസ്പെഷൽ സ്കൂൾ യു.പിവിഭാഗം തത്സമയ പേപ്പർ ക്രാഫ്റ്റ് മത്സരത്തിൽനിന്ന്
മണ്ണാർക്കാട്: സംസ്ഥാനതല സ്കൂൾ ശാസ്ത്രമേളയുടെ പോയന്റ് പട്ടികയിൽ ആവേശകരമായ പോരാട്ടം തുടരുന്നു. ജില്ലകളിൽ 385 പോയന്റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുന്നു. 383 പോയന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 373 പോയന്റുമായി വയനാട് മൂന്നാം സ്ഥാനത്തുമുണ്ട്. തൃശൂർ (372), കോഴിക്കോട് (370) ജില്ലകളാണ് തൊട്ടുപിന്നിൽ. സ്കൂളുകളുടെ വിഭാഗത്തിൽ 48 പോയിന്റുകൾ വീതം നേടി വയനാട് മാനന്തവാടി ജി.വി.എച്ച്.എസ്.എസും ആലപ്പുഴ പൂങ്കാവ് എം.ഐ.എച്ച്.എസും ഒപ്പത്തിനൊപ്പം നിൽക്കുന്നു.
ദേവിക കളിമണ്ണിൽ തീർക്കും, സംസാരിക്കുന്ന രൂപങ്ങൾ
ശബ്ദലോകം അന്യമാണെങ്കിലും വിരൽത്തുമ്പിലൂടെ കളിമണ്ണിൽ ജീവൻ തുടിക്കുന്ന രൂപങ്ങൾ മെനഞ്ഞെടുക്കുകയാണ് പത്താം ക്ലാസ് വിദ്യാർഥി ദേവിക. കോഴിക്കോട് കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ ഈ കൊച്ചുമിടുക്കി സ്വയം ആർജിച്ചെടുത്ത മികവിലൂടെയാണ് ക്ലേ മോഡലിങ് രംഗത്ത് വിസ്മയം തീർക്കുന്നത്.
കേൾവിയുടെയും സംസാരത്തിന്റെയും പരിമിതികൾ ഉള്ളിലെ സർഗാത്മകതയ്ക്ക് ഒരിക്കലും തടസ്സമല്ലെന്ന് ദേവികയുടെ ഓരോ കലാസൃഷ്ടിയും വിളിച്ചുപറയുന്നു. സ്വന്തം ഭാവനയും നിരന്തരമായ പരിശ്രമവും കൈവിരലുകളുടെ വഴക്കവും ഒത്തുചേരുമ്പോൾ കളിമണ്ണിൽ നിന്നും മനോഹര ശിൽപങ്ങൾ പിറവിയെടുക്കുന്നു. ഇതോടെ മേളയിൽ ഫസ്റ്റും ഗ്രേഡും ദേവിസ സ്വന്തമാക്കി. കൊല്ലം നിലമേൽ പനയറമഠം അനിൽകുമാറിന്റെയും മെറിന്റെയും മകളായ ദേവിക, പരിമിതികളെ പുഞ്ചിരിയോടെ മറികടന്ന്, കലാലോകത്ത് വേറിട്ടൊരു ഇടം കണ്ടെത്തുകയാണ്.
പരിമിതികൾക്ക് വിട; കുഞ്ഞിക്കൈകളിൽ വിരിഞ്ഞത് വിസ്മയങ്ങൾ
മൂന്നു മണിക്കൂർ നീണ്ട മത്സരം. മുന്നിൽ നിറയെ നിർമാണ സാമഗ്രികൾ. ചെയ്യേണ്ടത് മനോഹരമായ സൃഷ്ടികൾ. പക്ഷേ ആ കുഞ്ഞിക്കൈകൾക്ക് മുന്നിലുണ്ടായിരുന്നത് വെല്ലുവിളികൾ മാത്രമായിരുന്നില്ല, ശാരീരിക പ്രയാസങ്ങളെയും ശ്രദ്ധയുടെ പരിമിതികളെയും മറികടക്കാനുള്ള വലിയൊരു പോരാട്ടം കൂടിയായിരുന്നു. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലെ ഭിന്നശേഷി വിഭാഗം കുട്ടികളുടെ തത്സമയ നിർമാണ മത്സരം പലതുകൊണ്ടും ഹൃദയസ്പർശിയായി. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾ പങ്കെടുത്ത വേദിയിൽ കൊട്ടമെടയൽ, മരത്തിൽ കൊത്തുപണി, പായ നിർമാണം, ചിരട്ടയിലെ കരവിരുതുകൾ, ചൂരൽ കസേരകളും ടീപ്പോയികളും, ആനയുടെയും മയിലിന്റെയും ത്രിമാന ചുമർചിത്രങ്ങൾ തുടങ്ങി ഒട്ടേറെ സൃഷ്ടികളാണ് പിറന്നത്.
പഴയ തുണികൾ, കുപ്പിച്ചില്ലുകൾ തുടങ്ങിയ പാഴ്വസ്തുക്കൾക്ക് പുതിയ രൂപം നൽകി ഷോപീസുകളും ഫ്ലവർ വേസുകളും ഫ്ലോർ കാർപെറ്റുകളുമൊക്കെ അവർ നിർമിച്ചു. പ്രഫഷണൽ കരകൗശല വിദഗ്ധരെ ഓർമിപ്പിക്കുന്ന വേഗതയും കൃത്യതയും കൈയടക്കവും പല കുട്ടികളിലും പ്രകടമായിരുന്നു.
എന്നാൽ ഈ മൂന്ന് മണിക്കൂറിനിടെ കണ്ട കാഴ്ചകൾ ഉൽപന്നങ്ങളുടെ നിർമാണമികവിനേക്കാൾ ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു. ഇടക്കിടെ ശ്രദ്ധ മാറിപ്പോകുന്ന കുട്ടികൾ. അപ്പോൾ അധ്യാപകർ സ്നേഹപൂർവം കണ്ണുരുട്ടിയും ചെറിയ പ്രലോഭനങ്ങൾ നൽകിയും വീണ്ടും ജോലിയിലേക്ക് തിരിച്ചുകൊണ്ടുവരും. അവരുടെ കൈകളിൽ വിരിഞ്ഞത് കരകൗശല വസ്തുക്കൾ മാത്രമല്ല, പരിമിതികളെ തോൽപ്പിക്കാനുള്ള വലിയ മനസ്സിന്റെ അടയാളങ്ങൾ കൂടിയാണ്.

