കലോത്സവ ദൃശ്യത്തിലെ ‘തീവ്രവാദി’ സേവാഭാരതി പ്രവർത്തകൻ; പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
text_fieldsസ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിനൊപ്പം അവതരിപ്പിച്ച ദൃശ്യാവിഷ്‍കാരത്തിൽ ‘തീവ്രവാദി’ വേഷത്തിൽ അഭിനയിച്ചത് സേവാഭാരതി പ്രവർത്തകൻ. ദൃശ്യത്തിൽ ഇന്ത്യൻ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിപ്പിച്ചത് വിവാദമായിരുന്നു. സംഘ്പരിവാറിലെ സേവാ ഭാരതി പ്രവർത്തകനായ സതീഷ് ബാബുവാണ് ‘തീവ്രവാദി’ വേഷം കെട്ടിയത് . ദൃശ്യാവിഷ്കാരത്തിനുള്ള പുരസ്കാരം നർത്തകിയും നടിയും കലോത്സവത്തിലെ മുഖ്യാതിഥിയുമായ ആശാ ശരത്തിൽ നിന്നു സതീഷ്ബാബു സ്വീകരിച്ചു.
പരിപാടിയുടെ വീഡിയോ ദൃശ്യവും പുരസ്കാരം വാങ്ങുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. സേവാ ഭാരതി പ്രവർത്തകനാണെന്നു സതീഷ് ബാബു ഫേസ്ബുക്കിൽ പരിചയപ്പെടുത്തുന്നുണ്ട്. കലാ മാമാങ്കത്തിൽ പ്രത്യേക മത വിഭാഗത്തെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യം ആവിഷ്കരിച്ചതിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അടക്കമുള്ളവർ രംഗത്തു വന്നിരുന്നു.
മാതാ പേരാമ്പ്ര കലാ സംഘടനയാണ് ദൃശ്യാവിഷ്‍കാരം നിർവഹിച്ചത്. സതീഷ് ബാബു ഇതിൽ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും സി.പി.എം പ്രവർത്തകരും ദൃശ്യാവിഷ്‍കാരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും മാതാ ഡയറക്ടർ കനകദാസ് ‘മാധ്യമം ഓൺലൈനോട്’ പറഞ്ഞു. സതീഷ് ബാബുവിനോട് വസ്ത്രം പ്രത്യേകം നിർദേശിച്ചിരുന്നില്ലെന്നും കിട്ടിയ ഷാൾ ഉപയോഗിച്ചെന്നേ ഉള്ളൂ. കാർഗിലിൽ ഇതേ വേഷത്തിലുള്ളവരാണ് സൈനികരെ ആക്രമിച്ചതെന്നും വിവാദമാകാൻ ചെയ്തതല്ല എന്നും കനകദാസ് അറിയിച്ചു.
അതേസമയം, കലോത്സവത്തിന്‍റെ സ്വാഗതഗാനത്തിലെ ‘ദൃശ്യവിസ്മയം’ ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതായെന്ന ആക്ഷേപം പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പതിനാലായിരത്തോളം പേർ പങ്കെടുക്കുന്ന മേളയാണ്. ഒറ്റ മനസ്സോടെ നിന്ന് മേള വിജയിപ്പിക്കുകയാണ് വേണ്ടത്. സംഘാടക സമിതിക്ക് ഒരുതരത്തിലുള്ള സങ്കുചിത മനോഭാവവുമില്ല. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യം ദൃശ്യാവിഷ്കാരം പരിശോധിച്ചപ്പോൾ വിവാദ വേഷമുണ്ടായിരുന്നില്ലെന്ന് മന്ത്രി റിയാസ് വ്യക്തമാക്കി. സ്ക്രീനിങ് കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തിയാണ് അനുമതി നൽകിയത്. അപ്പോൾ ഇങ്ങനെയൊരു വേഷമുണ്ടായിരുന്നില്ല. മനപൂർവം സംഭവിച്ചതല്ല. സംഘാടക സമിതിക്ക് അങ്ങനെയൊരു കാഴ്ചപ്പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

