ബി.ജെ.പി അംഗങ്ങളായ മുൻ ജഡ്ജിമാരെ പുറത്താക്കി; പുതിയ സീനിയർ അഭിഭാഷക പാനലിന് അംഗീകാരം നൽകി സംസ്ഥാന സർക്കാർ
text_fieldsതിരുവനന്തപുരം: സീനിയർ അഭിഭാഷക പാനലിൽനിന്ന് ബി.ജെ.പി അംഗങ്ങളായ രണ്ട് മുൻ ജഡ്ജിമാരെ പുറത്താക്കി സംസ്ഥാന സർക്കാർ. മുൻ ജഡ്ജിമാരായ പി.എൻ. രവീന്ദ്രൻ, വി. ചിദംബരേഷ് എന്നിവരെയാണ് സീനിയർ അഭിഭാഷക പാനലിൽനിന്ന് ഒഴിവാക്കിയത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പാനലിന് അംഗീകാരം നൽകിയത്.
ഹൈകോടതിയിൽനിന്ന് വിരമിച്ചതിനുശേഷം, 2021ലായിരുന്നു രണ്ട് ജഡ്ജിമാരും കേന്ദ്ര മന്ത്രി നിർമല സീതാരാമനിൽനിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നത്. 2021ൽ തന്നെയാണ് പിണറായി സർക്കാർ വി. ചിദംബരേഷിനെയും പി.എൻ. രവീന്ദ്രനെയും പാനലിൽ ഉൾപ്പെടുത്തിയതും. അതിനുശേഷം ബി.ജെ.പി, ആർ.എസ്.എസ് ബന്ധമുള്ള വിരമിച്ച ജഡ്ജിമാർ പുറത്തിറക്കുന്ന ചില പ്രസ്താവനകളിൽ ഇരുവരും ഒപ്പുവെച്ചിരുന്നു. ഈ ബി.ജെ.പി ബന്ധമാണ് പാനലിൽനിന്ന് പുറത്താക്കാൻ കാരണമെന്ന അഭ്യൂഹങ്ങളുമുണ്ട്.
സി.പി.എം അനുഭാവികളായ അഭിഭാഷകരെയും പാനലിൽനിന്ന് ഒഴിവാക്കിയതായും ആരോപിക്കുന്നു. സി.പി.എം അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയന്റെ ദേശീയ ജനറൽ സെക്രട്ടറിയായ പി.വി. സുരേന്ദ്രനാഥ്, മുൻ എസ്.എഫ്.ഐ നേതാവ് പി.വി. ദിനേശ് എന്നിവരും മന്ത്രിസഭ അംഗീകരിച്ച സീനിയർ അഭിഭാഷക പാനലിൽ ഉൾപെട്ടിട്ടില്ല.
ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് 33 സീനിയർ അഭിഭാഷകർ അടങ്ങുന്ന പാനലിന് അംഗീകാരം നൽകിയത്. അറ്റോർണി ജനറൽ, സോളിസിസ്റ്റർ ജനറൽ, അഡീഷണൽ സോളിസിസ്റ്റർ ജനറൽ, കെ.കെ വേണുഗോപാൽ, കപിൽ സിബൽ, അഭിഷേക് മനു സിംഗ്‌വി, വി. ഗിരി, ജയ്ദീപ് ഗുപ്ത, ആർ. ബസന്ത്, സിദ്ധാർഥ് ലൂതറ, പി ബി കൃഷ്ണൻ, എ.ഹരിപ്രസാദ്, ഷാജി പി. ചാലി, പി.ബി. സുരേഷ് കുമാർ, വി.ജി. അരുൺ, ദേവദത്ത് കാമത്ത്, സി.എൻ. ശ്രീകുമാർ, കെ രാധാകൃഷ്ണൻ, സി.എസ്. വൈദ്യനാഥൻ, റോമി ചാക്കോ, അരവിന്ദ് പി. ദത്താർ, അനിത ഷേണായ്, റിതിൻ റായ്, മുകുൾ റോത്തഗി, മോഹൻ കത്താർകി, കൃഷ്ണൻ വേണുഗോപാൽ, നവീൻ ആർ നാഥ്, സന്തോഷ് പോൾ, റെബേക്ക ജോൺ, പ്രശാന്തോ ചന്ദ്ര സെൻ, ഹരേൻ പി. റാവൽ, രാഗേന്ദ് ബസന്ത്, രമേശ് ബാബു എം.ആർ എന്നിവരടങ്ങുന്നതാണ് സംസ്ഥാന സർക്കാറിന്റെ പുതിയ സീനിയർ അഭിഭാഷക പാനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

