ജീവനെടുക്കുന്ന സമ്മർദം: ഇന്ന് ബി.എൽ.ഒമാർ കൂട്ട അവധിയിൽ; ചീഫ് ഇലക്ടറൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
text_fieldsബി.എൽ.ഒ അനീഷ് ജോർജ്
തിരുവനന്തപുരം: എസ്.ഐ.ആറിന്‍റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണത്തിന്റെ പേരിലെ കടുത്ത സമ്മർദം കണ്ണൂരിൽ ബൂത്ത് ലെവൽ ഓഫീസുടെ (ബി.എൽ.ഒ) ആത്മഹത്യക്ക് ഇടയാക്കിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ബി.എൽ.ഒമാർ ജോലി ബഹിഷ്കരിക്കും. ഇടത് അധ്യാപക സർവിസ് സംഘടനകളുടെ ആഭിമുഖ്യത്തിലെ ആക്ഷൻ കൗൺസിലാണ് ബഹിഷ്കരണ സമരത്തിനും പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 25000ഓളം ബി.എൽ.ഒമാർ ഇന്ന് ജോലിയിൽ നിന്ന് വിട്ടുനിൽക്കും. ഒപ്പം ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ല വരണാധികാരികളുടെയും ഓഫീസുകളിലേക്കും തിങ്കളാഴ്ച പ്രതിഷേധ മാർച്ച് നടക്കും.
നവംബർ നാലിന് ആരംഭിച്ച ഫോം വിതരണത്തിനും വിവരശേഖരണത്തിനും കൃത്യം ഒരുമാസമാണ് കമ്മീഷൻ സമയം നിശ്ചയിച്ചിരിക്കുന്നത്. ഈ സമയപരിധിക്കുള്ളിൽ എന്യൂമറേഷൻ പൂർത്തീകരിക്കാനാകില്ലെന്ന് പലവട്ടം രാഷ്ട്രീയ പാർട്ടികൾ ആവർത്തിച്ചിട്ടും കമ്മീഷൻ മുഖവിലക്കെടുത്തിട്ടില്ല. ഒപ്പം ഫോം വിതരണത്തിൽ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പമെത്താനുള്ള വ്യഗ്രതയിൽ വലിയ സമ്മർദമാണ് ബി.എൽ.ഒമാർക്ക് മുകളിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി എസ്.ഐ.ആർ നടപ്പാക്കാനുള്ള കേന്ദ്ര കമ്മീഷന്‍റെ ശാഠ്യവും വലിയ അനിശ്ചിതത്വമാണ് താഴേത്തട്ടിൽ സൃഷ്ടിച്ചിരിക്കുന്നത്.
ബി.എൽ.ഒമാരുടെ ജോലി ഭാരം സംബന്ധിച്ച് രണ്ട് ദിവസമായി അമർഷം പുകയുന്നുണ്ടെങ്കിലും കണ്ണൂരിലെ അധ്യാപകന്‍റെ ആത്മഹത്യയോടെയാണ് പ്രതിഷേധം അണപൊട്ടിയത് രാഷ്ട്രീയ വ്യത്യാസമില്ലാതെ സർവിസ് സംഘടനകളുടെ നേതൃത്വത്തിൽ കമീഷനെതിരെ നിലപാട് കടുപ്പിക്കാനാണ് തീരുമാനം. കണ്ണൂരിലെ ബി.എൽ.ഒ അനീഷ് ജോർജിന്‍റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനാണെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ആരോപിച്ചു.
ബി.എൽ.ഒമാർ കടുത്ത സമ്മർദത്തിലാണ്. കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപിക്കുകയാണെന്നും ബി.എൽ.ഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും സംയുക്ത സമരസമിതി നേതാക്കളായ എം.വി. ശശിധരനും കെ..പി. ഗോപകുമാറും അറിയിച്ചു.
അനീഷ് ജോർജ് എസ്.ഐ.ആറിന്‍റെ രക്തസാക്ഷിയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ഇർഷാദ് ആരോപിച്ചു. അനാവശ്യ ധൃതിയും അമിത സമ്മർദ്ദവും ഭീഷണികളും കാരണം ബി.എൽ.ഒ ജീവനൊടുക്കുന്ന അവസ്ഥയിലേക്ക് തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണമെത്തിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് കുറ്റപ്പെടുത്തി.
കണ്ണൂർ കലക്ടറിൽ നിന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി
കണ്ണൂരിലെ ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ കലക്ടറിൽ നിന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ റിപ്പോർട്ട് തേടി. എന്യൂമറേഷൻ ഘട്ടത്തിൽ മറ്റ് ഡ്യൂട്ടിയൊന്നും ബി.എൽ.ഒമാർക്ക് നൽകിയിട്ടില്ലെന്നും റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

